കേരള ക്രിക്കറ്റ് ലീഗിനോടനുബന്ധിച്ച് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന ഫാന്‍സ് ലീഗില്‍ 'പ്രതിധ്വനിക്ക് 'കിരീടം'. ഇന്‍ഫോസിസ് ടീമിനെയാണ് ഫൈനലില്‍ പ്രതിധ്വനി തോല്‍പ്പിച്ചത്. കൊല്ലത്ത് നടന്ന ഫാന്‍സ് ലീഗില്‍ ആഷസ് കൊട്ടാരക്കര ചാംപ്യന്‍മാരായി.
കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് തുടക്കമാകാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ കളിയാവേശത്തിന്‍റെ കൊടുമുടിയിലേക്ക് നീങ്ങുകയാണ് തലസ്ഥാന നഗരം. ടൂര്‍ണമെന്‍റിന്‍റെ പ്രചരണാര്‍ഥം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഫാന്‍സ് ലീഗിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. ടെക്നോപാര്‍ക്കിലെ ഐ.ടി പ്രഫഷണലുകള്‍ പങ്കെടുത്ത ലീഗില്‍ ഐ.ടി തൊഴിലാളികളുടെ സന്നദ്ധ സംഘടനയായ പ്രിതിധ്വനി കിരീടം ചൂടി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍ ഫാന്‍ ടീമായി കളിച്ച പ്രതിധ്വനി ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ഫാന്‍ ടീമായ ഇന്‍ഫോസിസിനെയാണ് പരാജയപ്പെടുത്തിയത്.
ഐ.പി.എല്‍ താരം വിഗ്നേഷ് പൂത്തൂര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ കൈമാറി. ഫാന്‍സ് ലീഗിലെ ആവേശം കേരള ക്രിക്കറ്റ് ലീഗിന്‍റെ ഗ്യാലറികളിലും പ്രതഫിലിക്കുമെന്ന് പ്രതിധ്വനി ടീം ക്യാപ്റ്റന്‍ പറഞ്ഞു.
കൊല്ലം എഴുകോണ്‍ എസ്.എന്‍.ജി ടര്‍ഫില്‍ നടന്ന ഫാന്‍സ് ലീഗില്‍ ആഷസ് കൊട്ടാരക്കര ചാംപ്യന്‍മാരായി, 93 റാപ്റ്റേഴ്സ് ടീമിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. കൊല്ലം ഏരീസിന്‍റെ എം.ഡിയും സി.ഇ.ഒയുമായ ഡോ എന്‍ പ്രഭിരാജ് ട്രോഫികള്‍ വിതരണം ചെയ്തു. എല്ലാ ജില്ലകളിലെയും ഫാന്‍സ് ലീഗ് ജേതാക്കള്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന ഫാന്‍സ് ചാംപ്യന്‍സ് റൗണ്ടില്‍ ഏറ്റുമുട്ടും.