കളിപ്പാട്ടങ്ങള്‍ക്ക് പുതുജീവനേകുന്ന തിരുവനന്തപുരം ആനയറ സ്വദേശി അനില്‍ ജെ.ബാബുവിനെ പരിചയപ്പെടാം. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടെ ആക്രിക്കടയില്‍ നിന്ന് വാങ്ങിയ കളിപ്പാട്ടങ്ങള്‍ നന്നാക്കി മക്കളെ സന്തോഷിപ്പിച്ച് തുടങ്ങിയതാണ് അനില്‍ ജെ.ബാബു. ഇന്ന് അനിലിനിത് ഉപജീവനമാര്‍ഗമാണ്.

അനില്‍ ചേട്ടന്‍റെ മുറ്റം നിറയെ വണ്ടികളാണ്. ഈ വണ്ടികള്‍ കാത്തിരിക്കുന്ന ഒരുപാട് കുഞ്ഞുങ്ങളുണ്ട്. ഒന്നുമില്ലാതിരുന്ന കാലത്താണ് അനിലിനോട് കുഞ്ഞുമക്കള്‍ കളിപ്പാട്ടം വാങ്ങിത്തരുമോയെന്ന് ചോദിച്ചത്. കയ്യിലുള്ള പൈസ എണ്ണിപ്പെറുക്കി കളിപ്പാട്ടകടയിലെത്തിയപ്പോള്‍ പക്ഷേ ആ പണം തികയില്ലെന്നറിഞ്ഞു. അനില്‍ പിന്നെ നേരെ ചെന്നത് തൊട്ടടുത്ത ആക്രിക്കടയിലേക്കാണ്. ഉള്ളതില്‍ ഭേദപ്പെട്ട ഒന്നെടുത്തു വീട്ടില്‍ കൊണ്ടുചെന്നു. അറിയാവുന്ന പരീക്ഷണങ്ങളൊക്കെ നടത്തി കളിപ്പാട്ടം പ്രവര്‍ത്തിപ്പിച്ച് കുഞ്ഞുങ്ങളുടെ കയ്യില്‍ നല്‍കിയപ്പോള്‍ ആ കണ്ണുകളില്‍ സന്തോഷത്തിളക്കം. അന്നുമുതല്‍ ഇന്നുവരെ കളിപ്പാട്ടങ്ങള്‍ക്ക് പുതുജീവനേകുന്നത് അനിലിന് ഹരമാണ്. കഴിഞ്ഞ 16 വര്‍ഷമായി അനിലിന്‌‍ ഇത് തൊഴിലാണ്.

മക്കളില്‍ മൂത്തയാള്‍ ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഇളയയാള്‍ പൈലറ്റാകാനുള്ള തയ്യാറെടുപ്പിലും. പക്ഷേ അനില്‍ ഇന്നും കളിപ്പാട്ടങ്ങള്‍ ശരിയാക്കുന്ന തിരക്കിലാണ്. പണിമുടക്കിയ കളിപ്പാട്ടങ്ങളുമായി വിഷമിച്ച് വരുന്ന കുരുന്നുകളില്‍ ഞൊടിയിടയില്‍ ചിരിവിരിയിക്കുന്ന മാന്ത്രികജാലം. തിരുവനന്തപുരം ആനയറ കുടവൂരിലാണ് ടോയ് കിങ്ങെന്ന അനിലിന്‍റെ ടോയ് സര്‍വീസ് സെന്‍റര്‍.

ENGLISH SUMMARY:

Anil J Babu is a toy restorer from Thiruvananthapuram, Kerala, who breathes new life into broken toys. What started as a way to bring joy to his children has now become his livelihood and a source of happiness for many more.