ഭാര്യയുടെ തെരുവുനായ സ്നേഹം കാരണം തന്റെ ജീവിതം നശിച്ചെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് 41കാരന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്ന തെരുവുനായ്ക്കള്‍ കാരണം തന്റെ മനസ്സമാധാനം നഷ്ടപ്പെട്ടെന്നും പൊതുസമൂഹത്തില്‍ അപമാനിതനായെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു.
ആദ്യം ഒരു തെരുവുനായയെ വീട്ടിലേക്ക് കൊണ്ടുവന്ന ഭാര്യ പിന്നാലെ കൂടുതല്‍ നായ്ക്കളെ വീട്ടില്‍ പാര്‍പ്പിച്ചു. നായവളര്‍ത്തല്‍ വിലക്കിയിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ഭാര്യ ഈ നായ്ക്കളെയെല്ലാം കൊണ്ടുവന്നതെന്നും അവയ്ക്ക് ഭക്ഷണം പാചകം ചെയ്യാനും വൃത്തിയാക്കാനും പരിപാലിക്കാനും തന്നെ നിര്‍ബന്ധിച്ചെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. ഒരു ദിവസം കിടക്കയിൽ ഉറങ്ങാനായി കിടന്നപ്പോള്‍ ഒരു നായ തന്നെ കടിച്ചെന്നും സമ്മര്‍ദമേറി തന്റെ ഉദ്ധാരണശക്തി പോലും കുറഞ്ഞെന്നും ഇയാള്‍ പറയുന്നു.
2006ല്‍ വിവാഹിതരായ തങ്ങളുടെ ജീവിതത്തിലേക്ക് നായ്ക്കള്‍ എത്തിയതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. അയല്‍പക്കത്തെ താമസക്കാരെല്ലാം തനിക്കെതിരായി, മൃഗസംരക്ഷണ ഗ്രൂപ്പില്‍ അംഗമായതിനു പിന്നാലെ അയല്‍ക്കാര്‍ക്കെതിരെയെല്ലാം ഭാര്യ പരാതി നല്‍കുന്നെന്നും സാക്ഷി പറയാനും മറ്റുമായി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ നിരസിച്ചെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരികയാണെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.
2007 ഏപ്രിൽ 1-ന് ഭാര്യ ഒരു റേഡിയോ ജോക്കിയെക്കൊണ്ട് തനിക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഒരു വ്യാജ കോൾ ചെയ്യിപ്പിച്ചുവെന്നും, ഇത് തനിക്ക് ജോലിസ്ഥലത്തും പൊതുസമൂഹത്തിലും നാണക്കേടുണ്ടാക്കിയെന്നും ഭർത്താവ് ആരോപിക്കുന്നു. 2017-ൽ അഹമ്മദാബാദിലെ കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിരുന്നെന്നും പിന്നീട് പിന്‍വലിച്ചെന്നും ഇയാള്‍ വ്യക്തമാക്കുന്നു.
അഭിഭാഷകൻ ഭാർഗവ് ഹസുർക്കർ വഴി ഇയാള്‍ ഇപ്പോള്‍ വീണ്ടും അപ്പീൽ നൽകിയിരിക്കുകയാണ്. വിവാഹം വീണ്ടെടുക്കാനാവാത്തവിധം തകർന്നിരിക്കുന്നുവെന്നും, 15 ലക്ഷം രൂപ ജീവനാംശമായി നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ഭാര്യ 2 കോടിയാണ് ആവശ്യപ്പെട്ടത്. ഭർത്താവിന്റെ കുടുംബത്തിന് വിദേശത്ത് ഒരു റിസോർട്ട് ഉണ്ടെന്നും അതിനാൽ അദ്ദേഹം ന്യായമായ തുക നൽകണമെന്നും ഭാര്യ ആവശ്യപ്പെടുന്നു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റി.