Shilpa Chaudhary,A Shiite Muslim girl holds a photograph of Iran's Supreme Leader, Ayatollah Ali Khamenei, during a protest against his killing in Budgam, northeast of Srinagar, Indian controlled Kashmir, Friday, March 6, 2026. (AP Photo/Dar Yasin)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തില്‍  ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെ വിമര്‍ശനമുന്നയിച്ച് യുഎസ് സൈന്യത്തിലെ ഇന്ത്യന്‍ വംശജ ശില്‍പ ചൗധരി. ഇസ്രയേൽ-യുഎസ് ആക്രമണങ്ങളിൽ ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആഗോളതലത്തിൽ തന്നെ രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ശില്‍പ പറയുന്നു. താനൊരു മുസ്ലിം വിരുദ്ധയല്ലെന്നും ഏറ്റവും അടുത്ത സുഹൃത്ത് ഒരു മുസ്ലിം ആണെന്നും തീവ്രവാദമാണ് തന്റെ ശത്രുവെന്നും ശില്‍പ വ്യക്തമാക്കുന്നു. 

ഈ ഒരു അനാവശ്യ പ്രതിഷേധത്തിലൂടെ ഇന്ത്യന്‍ ജനത ലോകത്തിനു മുന്നില്‍ പരിഹാസ്യരാവുകയാണെന്നും ഇന്ത്യയില്‍ ഇരുന്ന് ഇത് മനസിലാക്കാന്‍ സാധിക്കില്ലെങ്കിലും പുറത്തുനിന്നും കൃത്യമായി അനുഭവപ്പെടുമെന്നും അമേരിക്കന്‍ സൈനിക പറയുന്നു.  സ്വന്തം നാട്ടില്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതിലൂടെ എന്ത് നേടാന്‍ കഴിയുമെന്നും ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കാരോട് ശില്‍പ ചോദിക്കുന്നു. 

Shiite Muslims shout slogans during a protest against the killing of Iran's Supreme Leader Ayatollah Ali Khamenei, in Budgam, northeast of Srinagar, Indian controlled Kashmir, Friday, March 6, 2026. (AP Photo/Dar Yasin)

ഇന്ത്യയിലെ ജനത ഖമനയിയുടെ മരണത്തില്‍ പ്രതിഷേധിക്കുമ്പോള്‍ അങ്ങ് ഇറാനിലെ ജനത അത് ആഘോഷിക്കുകയാണ്, അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഇത് സംഭവിക്കുമോയെന്നും ശില്‍പ ഇന്ത്യയിലെ പ്രതിഷേധക്കാരോട് ചോദിക്കുന്നു. അതുകൊണ്ട് ദയവുചെയ്ത് കണ്ണ് തുറന്ന് നോക്കുക, ലോകരാജ്യങ്ങള്‍ക്കിടെയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ, അത് നശിപ്പിക്കരുത്, ജീവിക്കുന്ന രാജ്യത്തെ സ്നേഹിക്കുക, നിങ്ങൾക്ക് മറ്റൊരു രാജ്യത്തോടാണ് സ്നേഹമെങ്കിൽ അവിടെ പോയി ജീവിക്കൂവെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കുക –ശില്‍പ പറയുന്നു. 

ഇറാനെതിരെ ആക്രമണമാരംഭിച്ച ആദ്യദിനം തന്നെയാണ് യുഎസ്–ഇസ്രയേല്‍ പ്രഹരത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന ആക്രമണ പ്രത്യാക്രമണ നടപടി ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ അറബ് രാഷ്ട്രങ്ങളില്‍ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. 

സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദി–അബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 1332 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന്‍ വ്യോമാക്രമണം നടത്തി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 

US Army Officer Criticizes India's Protests Over Khamenei's Death:

Shilpa Choudary, an Indian-American serving in the US Army, has criticized protests in India following the death of Iran's Supreme Leader Ayatollah Ali Khamenei. She argues these protests negatively impact India's global image and that such displays are viewed with ridicule by the international community.