ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഏഴ് ഉപാധികള്‍ അംഗീകരിക്കണമെന്ന് അമേരിക്കയോട് ഇറാന്‍. ഫണ്ട് മരവിപ്പിച്ചതുള്‍പ്പടെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയാറാകാമെന്നും ഇറാന്‍ അറിയിച്ചു. മധ്യസ്ഥർ മുഖേനയാണ് ഇറാന്‍ തങ്ങളുടെ ഏഴ് ആവശ്യങ്ങൾ അമേരിക്കയ്ക്ക് മുൻപാകെ വെച്ചിട്ടുള്ളത്. എല്ലാ മുൻനിരകളിലെയും യുദ്ധം അവസാനിപ്പിക്കുക, ഇറാനുമേലുള്ള നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങൾ.

അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള ഏതുവിധത്തിലുള്ള ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ സായുധ സേനയ്ക്ക് ഇറാൻ പരമാധികാരി മുജ്തബ ഖമനെയി നിർദേശം നൽകി. രാജ്യത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായാൽ അതിർത്തികളുടെ പരിമിതികളില്ലാതെ ശക്തമായ തിരിച്ചടി നൽകാനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. അയൽരാജ്യങ്ങളിലെ യുഎസ്- ഇസ്രയേൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും പ്രത്യാക്രമണം നടത്തുമെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്നും ഇറാനെതിരെ തുടർച്ചയായി ഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎസിന്റെയും ഇസ്രയേലിന്റെയും ഭൗതികവും അല്ലാത്തതുമായ ലക്ഷ്യങ്ങൾ ലക്ഷ്യമാക്കി ടാർഗെറ്റ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യാനും സൈനിക മേധാവികൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

വിഷയത്തില്‍ ഇറാനുമായുള്ള സംഘർഷം സാധാരണ യുദ്ധമല്ലെന്നും ഏഴ് മാസത്തോളമായി തങ്ങൾ ഈ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്നുമാണ് അമേരിക്കന്‍ പ്രസി‍ഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ ചർച്ചകൾക്ക് താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിൽ ഇനിയും ഒന്നോ രണ്ടോ ലക്ഷ്യങ്ങൾകൂടി ബാക്കിയുണ്ടെന്നും അവയെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ട്രംപ് മുൻപ് സൂചിപ്പിച്ചിരുന്നു.

സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമായി തുടരുന്നുണ്ട്. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ഇറാനും രാജ്യാന്തര സമൂഹവും തമ്മിൽ ദോഹയിൽ വെച്ച് ചർച്ചകൾ നടക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഉപരോധങ്ങൾ നീക്കുന്നതിനുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഇരുപക്ഷത്തിന്റെയും നിലപാടുകളിലെ ഭിന്നതകൾ പരിഹരിക്കപ്പെടുക എളുപ്പമല്ല. ഏഴ് ഉപാധികൾ പൂർണ്ണമായി അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്.

ENGLISH SUMMARY:

Iran has put forward seven strict conditions to the United States through mediators, demanding their acceptance before agreeing to any talks regarding the opening of the Strait of Hormuz. Teheran's demands include the unfreezing of its assets, an immediate end to front-line warfare, and the lifting of the naval blockade imposed on the nation. In response to continuous threats from US President Donald Trump, Iranian Supreme Leader Mojtaba Khamenei has directed the armed forces to launch unconstrained counter-attacks against US and Israeli targets if provoked. Meanwhile, diplomatic efforts led by Qatar are currently underway in Doha to de-escalate tensions in the Middle East, though bridging the gap between both nations remains a major hurdle.