Image Credit:X/sanyasib

  • ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ലിംപറ്റ് മൈന്‍ എണ്ണക്കപ്പലില്‍ ഇത്തരത്തില്‍ പ്രയോഗിക്കപ്പെടുന്നത്. എണ്ണക്കപ്പലുകള്‍ക്കരികിലേക്ക് മൈനുമായി സ്പീഡ് ബോട്ടുകളിലെത്തി, കപ്പലിന്‍റെ ജലനിരപ്പിന് താഴെയുള്ള ഭാഗത്ത് എന്‍ജിന്‍ റൂം ലക്ഷ്യമാക്കി കാന്തം ഘടിപ്പിച്ച മൈന്‍ ഒട്ടിക്കുകയാണ് ചെയ്യുന്നത്

ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാകുന്നു. 27 ഇന്ത്യന്‍ നാവികരുമായി പോയ എംടി ലൂയി 1 എന്ന ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെയാണ് മൈന്‍ ആക്രമണം ഉണ്ടായത്. ഒമാനിലെ ഖസാബില്‍ നിന്നും 46 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് സംഭവം നടന്നത്. നാവികരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുബോട്ടുകളിലെത്തിയാണ് കപ്പലില്‍ മൈന്‍ ഘടിപ്പിച്ചതെന്നും മൈന്‍ പൊട്ടിത്തെറിച്ച് എന്‍ജിന്‍ റൂമില്‍ തീ പിടിത്തമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.

ജീവനക്കാര്‍ തീയണച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകളില്ലെന്നും അധികൃതര്‍ അറിയിച്ചു. നാവികര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സൊനോവാളും എക്സില്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും നാവികരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ലൈബീരിയന്‍ പതാകയുള്ള എംടി അര്‍സന എന്ന കൂറ്റന്‍ എണ്ണക്കപ്പലിന് നേരെയും ഇന്നലെ ആക്രമണം ഉണ്ടായി. ഹോര്‍മുസില്‍ വച്ച് മിസൈലിന്‍റെ അവശിഷ്ടമാണ് രണ്ട് ഇന്ത്യക്കാരുണ്ടായിരുന്ന കപ്പലില്‍ പതിച്ചത്.

എന്താണ് ലിംപറ്റ് മൈന്‍? 

ലിംപറ്റ് എന്നതരം കടല്‍ ജീവി പാറയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് പോലെ ശക്തമായ കാന്തത്തിനാല്‍ കപ്പലിന്‍റെ ഇരുമ്പ് ബോഡിയില്‍ ഇവ ഒട്ടിപ്പിടിച്ച് നില്‍ക്കുന്നത് കൊണ്ടാണ് മൈനുകള്‍ക്ക് ഈ പേര് ലഭിച്ചത്. കപ്പലുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്താണ് ലിംപറ്റ് മൈനുകള്‍ പ്രചാരത്തിലായതെങ്കിലും 2017ലാണ് ഹോര്‍മുസില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആദ്യമായി ഇവ പ്രയോഗിക്കപ്പെട്ടത്. താരതമ്യേനെ ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ് ഇതിനുള്ള അസംസ്കൃത വസ്തുക്കളെന്നതാണ് ഇത് ആക്രമണങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നതിന് കാരണമെന്ന് ബ്രിട്ടീഷ് നേവി എജന്‍സിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ് പറയുന്നു. 

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ലിംപറ്റ് മൈന്‍ എണ്ണക്കപ്പലില്‍ ഇത്തരത്തില്‍ പ്രയോഗിക്കപ്പെടുന്നത്. എണ്ണക്കപ്പലുകള്‍ക്കരികിലേക്ക് മൈനുമായി സ്പീഡ് ബോട്ടുകളിലെത്തി, കപ്പലിന്‍റെ ജലനിരപ്പിന് താഴെയുള്ള ഭാഗത്ത് എന്‍ജിന്‍ റൂം ലക്ഷ്യമാക്കി കാന്തം ഘടിപ്പിച്ച മൈന്‍ ഒട്ടിക്കുകയാണ് ചെയ്യുന്നത്. ടൈമറുകള്‍ ഉപയോഗിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ നിയന്ത്രിക്കുക. 

ENGLISH SUMMARY:

An oil tanker, MT Loui 1, carrying 27 Indian sailors was reportedly attacked with a limpet mine near Oman, approximately 46 kilometres northeast of Khasab in the Strait of Hormuz. All crew members are safe, with no injuries reported, although the explosion reportedly caused a fire in the engine room that was quickly extinguished. The incident follows another attack on the Liberian-flagged oil tanker MT Arsana, where debris from a missile reportedly struck the vessel carrying two Indian nationals.