കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മെറ്റയുടെ ഇന്ത്യയിലെ ഓഫീസുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ് ഓഫീസുകളിലേക്കാണ് പ്രതിഷേധം നടന്നത്. ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകരെ തടയാനെത്തിയ പൊലീസുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
പ്ലക്കാര്‍ഡുകളുമായെത്തിയ സംഘം മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഹൈദരാബാദിലെ ഓഫീസ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. മുംബൈയിലെ ഓഫീസിനു പുറത്തുള്ള ചുവരുകളില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മെറ്റയ്ക്കെതിരെ മുദ്രാവാക്യങ്ങളെഴുതി. അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുക എന്നെഴുതിയ ബാനറുകളുമായാണ് യൂത്ത് കോണ്‍ഗ്രസ് ഗുരുഗ്രാമിലെ ഓഫീസിലേക്ക് പ്രതിഷേധിച്ചത്.
അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള മെറ്റ ഓഫീസുകളിലേക്ക് പ്രതിഷേധം നടത്തുമെന്ന് പ്രവര്‍ത്തകര്‍ എക്സിലൂടെ മുന്നറിയിപ്പ് നല്കി. ഈ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ രണ്ട് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചെങ്കിലും ആയിരത്തോളം അക്കൗണ്ടുകള്‍ ഇപ്പോഴും മെറ്റയുടെ നിയന്ത്രണത്തിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള മനു ജെയിന് റോയിട്ടേഴ്സിനോട് പറയുന്നു.
മെറ്റയുടെ അല്‍ഗോരിതം എങ്ങനെയാണ് പോസ്റ്റുകള്‍ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മോദി സര്‍ക്കാറിന്റെ നടപടികളെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും കണ്ടന്റ് ക്രിയേറ്റര്‍മാരേയും നിയന്ത്രിക്കുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരെ ബിജെപി രംഗത്തുവന്നു.
ഹൈദരാബാദിലെ ഓഫീസില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയ യൂത്ത് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്. ഓഫീസുകള്‍ തകര്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് മെറ്റയുടെ നിലപാട്. ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പക്ഷേ കമ്പനി വക്താക്കള്‍ തയാറായിട്ടില്ല.
പൊതുസുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയായേക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് 54 ലക്ഷത്തിലധികം പോസ്റ്റുകളോ അക്കൗണ്ടുകളോ നിയന്ത്രിച്ചിട്ടുണ്ടെന്നാണ് മെറ്റ രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്തൊനീഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ളടക്കം നിയന്ത്രിക്കപ്പെട്ട രാജ്യവും ഇന്ത്യയാണ്.