യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ പൊലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്ത്. യുവതിയുടെ മരണത്തിൽ തുടക്കത്തിൽ തന്നെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. അതേസമയം, സുഹൈലിന്റെ പേര് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പുകളിലും ദുരൂഹത തുടരുകയാണ്.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതിനു പിന്നാലെ ഏനാത്ത് പൊലീസിനെതിരായ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ഫെബ്രുവരി 14ലെ ഇൻക്വസ്റ്റ് റിപ്പോർട്ടാണ് പുറത്ത് വന്നത്. യുവതിക്ക് മർദ്ദനമേറ്റതിന്റെ തെളിവുകൾ ഇൻക്വസ്റ്റിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മർദ്ദനമേറ്റ കാര്യം വ്യക്തമായിരുന്നു. എന്നിട്ടും ഭർത്താവ് അനിൽകുമാറിനെ ചോദ്യം ചെയ്യുക പോലും ചെയ്യാതെ പൊലീസ് വിട്ടുകളഞ്ഞു.

ഫെബ്രുവരി 18ന് ബന്ധുക്കൾ കൈമാറിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് സുഹൈലിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് പുനരന്വേഷിച്ച ക്രൈംബ്രാഞ്ചാണ് ആദ്യഘട്ടത്തിലെ പൊലീസ് വീഴ്ചകൾ കണ്ടെത്തിയത്. തുടർന്നാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിലെ മറ്റൊരു ഗുരുതര വീഴ്ച നിർണായക തെളിവായ ഷാൾ കാണാതായതാണ്. ഷാൾ കാണാതായ സംഭവത്തിൽ അന്നത്തെ സി.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് ഇന്റലിജൻസ് കണ്ടെത്തൽ. നിർണായക തെളിവായ ഷാൾ കാണാനില്ലെന്ന് നിലവിലെ എസ്.എച്ച്.ഒയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the serious lapses by Kerala police in the Youth Congress leader Suhail Ansari suicide abetment case. The investigation reveals crucial evidence tampering and initial interrogation failures by the local police before the Crime Branch took over.