• സിപിഎം നേതാക്കളുടെ വാഹനം ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.

അരിയിൽ ഷുക്കൂർ വധക്കേസിൽ പൊലീസിന്റെയും സി.ബി.ഐയുടെയും അന്വേഷണത്തിലെ  വീഴ്ചകളും പോരായ്മകളും എടുത്തുപറഞ്ഞ് വിചാരണ കോടതി. സിപിഎം നേതാക്കളുടെ വാഹനം ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്ന് തെളിയിക്കാനായില്ല. പല പ്രതികളുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനോ, പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരുടെ ഫോൺ രേഖകൾ ശേഖരിക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. മൂന്ന് പ്രധാന സാക്ഷികളെ സിബിഐ വിസ്തരിക്കാതെ ഒഴിവാക്കിയെന്നും വിധിന്യായത്തിലുണ്ട്.

അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് പറയുന്നതിനൊപ്പമാണ് പൊലീസിന്റെയും സിബിഐയുടെയും പിഴവുകള്‍ വിചാരണക്കോടതി എണ്ണിപ്പറഞ്ഞിരിക്കുന്നത്. സിപിഎം നേതാക്കളുടെ വാഹനം ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്ന് തെളിയിക്കാനായില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ല. ഗൂഡാലോചന തെളിയിക്കാനുള്ള സാക്ഷികളെ സിബിഐക്ക് ഹാജരാക്കാനായില്ല. അധിക അവസരം നല്‍കിയിട്ടും രണ്ട് പ്രധാന സാക്ഷികളെ ഹാജരാക്കിയില്ല. മൂന്ന് പ്രധാന സാക്ഷികളെ സിബിഐ വിസ്തരിക്കാതെ ഒഴിവാക്കി.

കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പി പി. സുകുമാരനെ സി.ബി.ഐ അനുബന്ധ കുറ്റപത്രത്തിൽ സാക്ഷിയായി ഉൾപ്പെടുത്തിയിരുന്നെങ്കിലും വിസ്തരിച്ചില്ല. പ്രതികളായ ദിനേശൻ, സി.എന്‍.മോഹനൻ എന്നിവർ   മൊബൈൽ ഫോണിലൂടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്നാണ് ആരോപണം. എന്നാൽ ഈ  ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നില്ല. പി.ജയരാജന്റെയും, ടി.വി രാജേഷിന്റെയും  ഫോൺ രേഖകൾ ശേഖരിച്ചിരുന്നില്ല. ചില ഫോൺ നമ്പറുകളുടെ യഥാർഥ ഉടമസ്ഥാവകാശം തെളിയിക്കാനായില്ല. ഇതെല്ലാം ഗൂഢാലോചന തെളിയിക്കുന്നതിൽ തിരിച്ചടിയായി. 

കത്തി ഒളിപ്പിച്ച സ്ഥലത്തെ കുറിച്ചുള്ള മഹസര്‍ വിശ്വസനീയമല്ല. പ്രതികളുടെ തിരിച്ചറിയല്‍ പരേഡില്‍ ഗുരുതര വീഴ്ച പറ്റി. പല പ്രതികളുടെയും പേരുകള്‍ സാക്ഷികളോട് വെളിപ്പെടുത്തി. ഒന്നാം സാക്ഷി സക്കറിയ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടത് രണ്ടാം പ്രതി ഗണേശനെ തന്നെയാണോ എന്ന അന്വേഷണം നടത്തിയില്ല. ആറാം പ്രതി ഉമേശനെതിരെ മൊഴി നൽകാൻ പോലീസ് നിർബന്ധിച്ചുവെന്ന സാക്ഷിയുടെ ആരോപണം സിബിഐ അന്വേഷിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. അതേസമയം, അന്വേഷണത്തിൽ പോരായ്മകളുണ്ടായിരുന്നെങ്കിലും അവ പ്രോസിക്യൂഷൻ കേസിന്റെ അടിത്തറ തകർക്കുന്ന തരത്തിലുള്ള ഗുരുതര വീഴ്ചകളല്ലെന്നും കോടതി വിലയിരുത്തുന്നുണ്ട്.

ENGLISH SUMMARY:

The trial court in the Ariyil Shukkoor murder case has pointed out major lapses and shortcomings in the investigation conducted by the police and the CBI, stating that the prosecution failed to prove the murder was retaliation for an attack on CPM leaders' vehicles. According to the judgment, the probing agencies failed to seize the mobile phones of key accused or collect the call records of P. Jayarajan and T.V. Rajesh, which severely affected efforts to establish criminal conspiracy. The court also noted that the CBI dropped three key witnesses without examination, failed to examine primary investigating officer DySP P. Sukumaran, and committed serious errors during the identification parade and weapon recovery mahazar. However, the court clarified that despite these investigative flaws, they were not grave enough to completely dismantle the foundation of the prosecution's case.