വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ കണ്ടെയ്‌നറുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. കണ്ടെയ്‌നർ സ്കാനിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിസന്ധിക്ക് വഴിവച്ചത്. ഒന്നരക്കോടി രൂപയാണ് പ്രതിദിന നഷ്ടം‌ 

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ സ്കാനിങ്ങിനെച്ചൊല്ലി ട്രെയിലർ ഡ്രൈവർമാർ ആരംഭിച്ച ബഹിഷ്കരണ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. 1500-ഓളം കണ്ടെയ്‌നറുകളാണ് ടെർമിനലിൽ കെട്ടിക്കിടക്കുന്നത്. പ്രതിദിനം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് കണക്ക്.

സുരക്ഷാ കാരണങ്ങളാൽ ഇറക്കുമതി ചെയ്യുന്ന 100 ശതമാനം കണ്ടെയ്‌നറുകളും സ്കാൻ ചെയ്യണമെന്ന നിർദേശം പ്രാബല്യത്തിലായതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സ്കാനർ മെഷീനിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഡ്രൈവർമാരുടെ ആശങ്ക.

സ്കാനിങ്ങിന് തങ്ങൾ എതിരല്ലെന്നാണ് ഡ്രൈവർമാരുടെ നിലപാട്. എന്നാൽ സ്കാനിങ് നടക്കുമ്പോൾ ഡ്രൈവർമാർ ക്യാബിനുള്ളിൽ ഇരിക്കേണ്ടിവരുന്നതാണ് ആശങ്കയ്ക്ക് കാരണം. ട്രെയിലറിലെ കണ്ടെയ്‌നർ മാത്രമാണ് സ്കാൻ ചെയ്യുന്നതെന്നും ഡ്രൈവർമാർ ഇരിക്കുന്ന ക്യാബിൻ സ്കാൻ ചെയ്യുന്നില്ലെന്നുമാണ് കസ്റ്റംസ് അധികൃതരുടെ വിശദീകരണം. എന്നാൽ തങ്ങളുടെ ആശങ്കകൾക്ക് പരിഹാരമായിട്ടില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. സമരം നീളുന്നതോടെ വല്ലാർപാടത്ത് കെട്ടിക്കിടക്കുന്നത് കോടികളുടെ ഉൽപ്പന്നങ്ങളാണ്. പ്രതിസന്ധി തുടർന്നാൽ കൊച്ചി തുറമുഖത്തിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും.

ENGLISH SUMMARY:

The crisis at the Vallarpadam Container Terminal in Kochi continues to deepen as the boycott strike by trailer drivers over container scanning enters its eleventh day. Around 1,500 containers remain stranded at the terminal due to the disruption in cargo movement, resulting in an estimated daily loss of ₹1.5 crore.