Image: X
ഭാര്യയേയും കുടുംബത്തേയും ആട്ടുകല്ലുകൊണ്ട് ഇടിച്ച് കൊന്ന ടാക്സി ഡ്രൈവര്‍ ബെംഗളൂരുവില്‍ പിടിയില്‍. ഏഴുവയസുകാരന്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്. ഭാര്യ സ്വന്തം വീട്ടുകാരുമായി സഹകരണം തുടരുന്നതിലെ വിരോധമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
Also read: വിജയ്ക്കൊപ്പം പിങ്ക് സാരിയിൽ തൃഷ; അമ്മ ശോഭ ചന്ദ്രശേഖറും ഒപ്പം, ചിത്രങ്ങൾ വൈറൽ
ടാക്സി ഡ്രൈവറായ ഇന്ദുശേഖറാണ് കൂട്ടക്കൊല നടത്തിയത്. ഭാര്യ സുനിത, അമ്മ രൂപവതി, സഹോദരന്‍മാരായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്‍റെ മകന്‍ പുനീത് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ആസൂത്രിതമായാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ആട്ടുകല്ലുപയോഗിച്ചാണ് ഏഴുപേരെയും കൊലപ്പെടുത്തിയതെന്നും കണ്ടെത്തി.
ആദ്യം ഭാര്യയെ കൊലപ്പെടുത്തിയ പ്രതി വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് അവരുടെ സഹോദരന്മാരെയും വിളിച്ചു. ഭാര്യമാരെയും അമ്മയേയും കൂട്ടി എത്താനും ആവശ്യപ്പെട്ടു. ക്ഷണം സ്വീകരിച്ച് എത്തിയവരെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു.
തെളിവുനശിപ്പിക്കാനും രക്തക്കറകള്‍ മായ്ക്കാനും രാസവസ്തുക്കള്‍ ഉപയോഗിച്ചെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നും പ്രതിയുടെ മൊഴികള്‍ വ്യക്തമാക്കുന്നു.
ശ്രീരാംപുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇന്ദുശേഖര്‍ ആദ്യംമുതല്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഭാര്യ ബന്ധുക്കളുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഇന്ദുശേഖറിന് ഇഷ്ടമായിരുന്നില്ല. ഏഴുപേരെയും കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു.
നാലുമണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷം നന്ദി ഹില്‍സിനോട് ചേര്‍ന്നാണ് ഏഴുവയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ മൃതദേഹം മാത്രമേ ഇതുവരെ കിട്ടിയിട്ടുള്ളു. ബാക്കിയുള്ള മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്.