ശ്രീകാര്യത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൗമരക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ കാരണത്തില്‍ ആശയക്കുഴപ്പം. പ്രതിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതാണോ കാരണമെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ രണ്ടാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്തായ ഐശ്വര്യയും പിടിയിലായി. ആസൂത്രണം മുതല്‍ തെളിവ് നശിപ്പിക്കല്‍ വരെയുള്ള കാര്യങ്ങളില്‍ ഐശ്വര്യക്ക് പങ്കെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. Also Read: കൊലയ്ക്ക് കാരണം കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങളോ?; അഭിരാം കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്
അഭിരാമിന്റെ സുഹൃത്തും ഒന്നാം പ്രതിയുടെ മുന്‍ കാമുകിയും തമ്മില്‍ പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും, അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്താനുള്ള തന്ത്രം പാളിയതിന്റെ ദേഷ്യത്തില്‍ അഭിരാമിനെ ആക്രമിച്ചെന്നുമാണ് ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ പറഞ്ഞ കള്ളക്കഥയാണിതെന്ന സൂചന പൊലീസിന് ലഭിച്ചു.
കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചെന്നും അതിന് പിന്നില്‍ അഭിരാമിന്റെ സുഹൃത്താണെന്ന തോന്നലാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് പൊലീസിന് ലഭിച്ച പുതിയ വിവരം. ഇത് ശരിയാണോയെന്നാണ് അന്വേഷണം. അതിനിടെ കൊലപാതകത്തിന് രണ്ട് ദിവസം മുന്പത്തേതെന്ന പേരില്‍ അഭിരാമും മറ്റ് ചിലരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം ഗൂഡാലോചന മുതല്‍ തെളിവ് നശിപ്പിക്കല്‍ വരെ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കേസിലെ നാലാം പ്രതിയായ ആക്കുളം സ്വദേശി ഐശ്വര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാ കേസ് പ്രതിയായ ഉമറിന്റെ സുഹൃത്താണ് ഐശ്വര്യ. കൊല നടത്താന്‍ പോകുന്ന സമയം ഉമര്‍ മൊബൈലില്‍ നിന്ന് ഐശ്വര്യയുടെ ഫോണിലേക്ക് വിളിച്ചിട്ട്, ഫോണ്‍ വീട്ടില്‍ വെച്ചിട്ടാണ് പോയത്. കൊല നടന്ന ടവര്‍ ലൊക്കേഷനില്‍ ഉമറില്ലെന്ന് വരുത്താനായിരുന്നു ഈ തന്ത്രം. കൊലയ്ക്ക് ശേഷം അവന് കൊന്നു, അവന് അനുഭവിക്കട്ടേയെന്നും ഉമര്‍ ഐശ്വര്യക്ക് മെസേജ് അയച്ചു. കൊല നടത്തിയത് 17കാരന് ഒറ്റക്കാണെന്ന് വരുത്താനും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ കിട്ടില്ലെന്നും കരുതിയാണ് ഈ തന്ത്രവും ഇറക്കിയത്.