കൗമാരക്കാര്‍ ചേര്‍ന്ന് നടത്തിയ തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാം കൊലപാതകത്തിന്‍റെ കാരണത്തില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളടക്കം കൊലയ്ക്ക് കാരണമായെന്ന ചില സൂചനകളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്നതില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. Also Read: ശ്രീകാര്യം അഭിരാം കൊലപാതകം; പ്രതിയുടെ കാമുകിയും കസ്റ്റഡിയിൽ
കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന് അഭിരാമിന്‍റെ സുഹൃത്തിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ഇതുവരെയുള്ള നിഗമനം. പ്രതിയുടെ പഴയ കാമുകിയും അഭിരാമിന്‍റെ സുഹൃത്തും തമ്മില്‍ പ്രണയത്തിലായതും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതുമാണ് വൈരാഗ്യത്തിന്‍റെ കാരണമെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ അഭിരാമിനെ ഉപയോഗിച്ച് അഭിരാമിന്‍റെ സുഹൃത്തിനെ വിളിച്ചുവരുത്തി ഉപദ്രവിക്കാനുള്ള നീക്കമായിരുന്നെന്നും സുഹൃത്ത് വരാതിരുന്നതോടെ അഭിരാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിളുടെ മൊഴിയില്‍ നിന്ന് ഇതുവരെ പൊലീസ് കണ്ടെത്തിയത്.
എന്നാല്‍ ഈ കാരണത്തിലാണ് ട്വിസ്റ്റിനുള്ള സാധ്യത തെളിയുന്നത്. അഭിരാമിന്‍റെ സുഹൃത്തായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നതില്‍ തര്‍ക്കമില്ല. അഭിരാമിന്‍റെ സുഹൃത്തിനെ ലക്ഷ്യമിടാനുള്ള കാരണം ചില സ്വകാര്യ ദൃശ്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പറയപ്പെടുന്നത്. കേസിലെ പ്രതിയായ ആനന്ദയുടെ ചില ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് ഇടയില്‍ പ്രചരിച്ചു. ഇത് പ്രചരിപ്പിച്ചത് അഭിരാമിന്‍റെ സുഹൃത്താണെന്നാണ് ആനന്ദയും ഒന്നാം പ്രതിയായ പതിനേഴുകാരനും കരുതിയത്. ഇതിന്‍റെ വൈരാഗ്യത്തിലാണ് അഭിരാമിന്‍റെ സുഹൃത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. സുഹൃത്തിന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കാനുള്ള മാര്‍ഗമായാണ് ആനന്ദയെന്ന വ്യാജേന ഒന്നാം പ്രതി അഭിരാമുമായി ചാറ്റ് ചെയ്തതെന്നുമാണ് കരുതുന്നത്.
ഇത് മനസിലാക്കിക്കൊണ്ടാണ് പ്രതികളുടെ ആവശ്യപ്രകാരം അഭിരാം വിളിച്ചിട്ടും അഭിരാമിന്‍റെ സുഹൃത്ത് കൊലപാതകം നടന്ന സ്ഥലത്തേക്ക് വരാതിരുന്നതെന്നും കരുതുന്നു. ഈ ആക്ഷേപത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലങ്കിലും ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഉടന്‍ ചോദ്യം ചെയ്യും.