kiran-palakkad

TOPICS COVERED

ബെംഗളൂരുവിൽ 22കാരനായ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കേസിൽ കിരണിന്റെ പെൺസുഹൃത്തിന്റെ പിതാവും കിരണിന്‍റ  തൊഴിലുടമയുമായ തമിഴ്നാട് സ്വദേശി ആനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു.

കിരണിനെ രണ്ടു ദിവസമായി ബെംഗളൂരുവിൽ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണിന്‍റെ മരണവിവരം പുറത്തറിയുന്നത്. 

കൊല്ലപ്പെട്ട കിരണും തൊഴിലുടമയായ ആനന്ദന്റെ 19 വയസ്സുള്ള മകളും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദന്റെ കമ്പനിയിൽ കിരൺ ജോലി ചെയ്തുവരികയായിരുന്നു.

മൈസൂരുവിൽ പഠിക്കുകയായിരുന്ന 19കാരി കഴിഞ്ഞ ദിവസമാണ് അവധിക്ക് ബെംഗളൂരുവിലെത്തിയത്. കിരണിനെയും മകളെയും വീട്ടിൽവച്ച് അപ്രതീക്ഷിതമായി കണ്ടതാണ് ആനന്ദനെ പ്രകോപിപ്പിച്ചത്. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം പൈപ്പും ബാറ്റും ഉപയോഗിച്ച് ആനന്ദൻ കിരണിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ കിരൺ മരിച്ചതായും പൊലീസ് പറഞ്ഞു.

ആനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കിരണിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ENGLISH SUMMARY:

A 22-year-old Malayali youth named Kiran from Thiruvegappura in Palakkad was brutally beaten to death in Bengaluru. The local police have arrested the victim's employer, Anand, a Tamil Nadu native, in connection with the murder. Investigators revealed that the crime occurred after Anand unexpectedly discovered Kiran at his house with his 19-year-old daughter, with whom Kiran had been in a relationship for two years. After sending his daughter to a relative's house, Anand allegedly assaulted Kiran with a pipe and a bat, resulting in fatal injuries before the body was recovered from his residence