കുതിച്ചെത്തിയ കാറിടിയിൽനിന്ന് രക്ഷപ്പെടാൻ ഓടിക്കയറിയത് കബാബ് കടയിലേക്ക്. എന്നാൽ അവിടെ കാത്തിരുന്നത് ആരും പ്രതീക്ഷിക്കാത്തൊരു ദുരന്തം. ബെംഗളൂരുവിലെ ബെന്നാർഘട്ടിനു സമീപം ഹൊമ്മദേവനഹള്ളിയിലാണ് നടുക്കുന്ന അപകടം. നിയന്ത്രണംവിട്ടെത്തിയ കാറിൽനിന്ന് രക്ഷപ്പെടാൻ കടയിലേക്ക് ഓടിക്കയറിയ യുവാക്കൾക്ക് തിളച്ച എണ്ണ ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഹൊമ്മദേവനഹള്ളിയിലെ കബാബ് റസ്റ്ററന്റിനു മുന്നിൽ ഭക്ഷണം കഴിക്കാനായി കാത്തുനിൽക്കുകയായിരുന്നു യുവാക്കൾ. ഇതിനിടെ ബ്രേക്ക് ചവിട്ടി വാഹനം നിരങ്ങിവരുന്ന ശബ്ദം കേട്ടതോടെ ഇവർ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി. നിയന്ത്രണംവിട്ടെത്തിയ എസ്യുവി യുവാക്കൾ നിന്നിരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ചു കയറിയത്. വഴിയിലുണ്ടായിരുന്ന ബൈക്കുകളിലും കടയുടെ പടികളിലും ഇടിച്ചാണ് വാഹനം നിന്നത്.
ഇതിനിടെ കാറിടിച്ച് തെറിച്ച ബൈക്ക് കടയ്ക്കുള്ളിലേക്ക് പറന്നുവീണ് പാചകോപകരണങ്ങളിൽ ഇടിച്ചു. ഇതോടെ തിളച്ച എണ്ണ യുവാക്കൾ നിന്നിരുന്ന ഭാഗത്തേക്ക് തെറിക്കുകയായിരുന്നു. മൂന്ന് പേർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടാക്കിയ എസ്യുവിയും വാഹനമോടിച്ച യുവതിയും പൊലീസ് കസ്റ്റഡിയിലാണ്