തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാം കൊലപാതകം അന്വേഷിക്കാന്‍ SIT രൂപീകരിച്ചു. കേസിന്റെ തുടരന്വേഷണത്തിന് പതിനാറംഗ ടീമിനെ രൂപീകരിച്ചെന്ന് കമ്മീഷണര്‍ അറിയിച്ചു. രണ്ട് പെണ്‍കുട്ടികളടക്കം നാല് കൗമാരക്കാരാണ് കേസില്‍ ഇതുവരെ പിടിയിലായത്. അരുംകൊലക്ക് കാരണമായത് വിദ്യാര്‍ഥികള്‍ക്ക് ഇടയിലെ പ്രണയത്തര്‍ക്കം. പ്രതികള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെയെന്നും കണ്ടെത്തല്‍. കഴുത്തിനേറ്റ ക്ഷതമാണ് അഭിരാമിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
പ്ളസ് വണ്ണില്‍ പഠിക്കുന്ന 17കാരനെ വിളിച്ചുവരുത്തി കൊന്നത് മറ്റൊരു 17കാരന്. കൊല്ലാനുള്ള തന്ത്രം പഠിപ്പിച്ച് കൂടെ നിന്നത് 22 കാരനായ കാപ്പാകേസ് പ്രതി. കൊല്ലാനും കൊല മറയ്ക്കാനും ഒത്താശ ചെയ്തത് ഇരുവരുടെയും കാമുകിമാരായ 18കാരായ രണ്ട് പെണ്‍കുട്ടികള്‍. നമ്മുടെ കുട്ടികള്‍ക്ക് എന്ത് പറ്റിയെന്ന പേടിപ്പിക്കുന്ന ചോദ്യം ഉയര്‍ത്തുകയാണ് ശ്രീകാര്യം അഭിരാം കൊലപാതകം.
ഒന്നാം പ്രതിയുടെ മുന്‍കാമുകി അഭിരാമിന്റെ സുഹൃത്തുമായി അടുപ്പത്തിലാണിപ്പോള്. അവര്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെ അഭിരാമിന്റെ സുഹൃത്തിനെ വകവരുത്തണമെന്ന് പ്രതിയായ പതിനേഴുകാരന് തീരുമാനിച്ചു. അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കാനായിരുന്നു പദ്ധതി. അതിനായി ഒന്നാം പ്രതിയുടെ പെണ്‍സുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയ്ത് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അഭിരാമിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി.
ഉറക്കെ നിലവിളിച്ചാല്‍ പോലും പുറത്തുകേള്‍ക്കാത്ത ഈ കാട്ടിലേക്കാണ് അഭിരാം എത്തിയത്. ഇവിടെയെത്തിയപ്പോളാണ് വിളിച്ചത് പെണ്‍കുട്ടിയല്ലെന്നും പ്രതികളാണെന്നും അഭിരാം തിരിച്ചറിഞ്ഞത്. സുഹൃത്തിന് വിളിച്ചുവരുത്താന്‍ പ്രതികള്‍ അഭിരാമിനോട് ആവശ്യപ്പെട്ടു. അഭിരാം വിളിച്ചെങ്കിലും സുഹൃത്ത് വരാന്‍ കൂട്ടാക്കിയില്ല. ഇതിന്റെ വൈരാഗ്യത്തില്‍ അഭിരാമിനെ ആക്രമിച്ചു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനായി വായില്‍ തുണിതിരുകിയ ശേഷം ബെല്‍റ്റിട്ട് കഴുത്തില്‍ മുറുക്കി. തലയിലും കഴുത്തിലുമെല്ലാം അടിച്ച് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരണം ഉറപ്പിച്ചു.
അഭിരാമിനെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ ഞായറാഴ്ച രാത്രി സുഹൃത്തുക്കളോട് അന്വേഷിച്ചതോടെ ചാറ്റ് ചെയ്യാറുള്ള പെണ്‍കുട്ടിയുടെ വിവരം പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് മിസിങ് കേസ് കൊലക്കേസാകുന്ന ഞെട്ടിക്കുന്ന ചുരുള്‍ അഴിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് പ്രതികളില്‍ പതിനേഴുകാരനെ ജുവനൈല്‍ ഹോമിലും മറ്റ് രണ്ട് പേരെ ജയിലിലേക്കും മാറ്റി. ഉമറിന്റെ കാമുകിയ്ക്കും കൊലയില്‍ അറിവുണ്ടെന്ന് ഉറപ്പിച്ചെങ്കിലും ചോദ്യം ചെയ്യല്‍ തുടരുകയാണ്.