ശ്രീകാര്യത്ത് 17കാരന് അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു. മകനെ വീട്ടിൽ നിന്നും തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നും, സംഭവത്തിൽ പെൺകുട്ടിക്ക് വ്യക്തമായ അറിവും പങ്കുമുണ്ടെന്നും പിതാവ് ആരോപിച്ചു. കാണാതായ മകനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ദാരുണമായ മരണവാർത്ത കേൾക്കേണ്ടി വന്നതെന്ന് അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. മകനെ കാണാനില്ലെന്ന വിവരമറിയിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തതായും പിതാവ് വ്യക്തമാക്കി.
സംഭവദിവസം രാവിലെ മകനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവൻ കിതച്ചുകൊണ്ടാണ് സംസാരിച്ചിരുന്നതെന്നും ഉടൻ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നതായും മധു പറഞ്ഞു. എന്നാൽ മിനിറ്റുകൾക്ക് ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മകന്റെ കൂട്ടുകാരനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തുള്ള പെൺകുട്ടിയെയും അമ്മയെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് മണക്കാട് ശാസ്ത്രക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ച് എസ്.ഐ നേരിട്ടെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ ഒന്നാം പ്രതിയുടെ നമ്പർ ലഭിക്കുന്നത്. പ്രണയപ്പകയും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക വീഴ്ചയും പിതാവ് ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയെ സംഭവത്തിന്റെ തലേദിവസം തന്നെ പൊലീസ് ഗാന്ധിപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൃതദേഹം കണ്ടെത്തിയതും. ഒന്നാം പ്രതിയെ കൃത്യമായി ആദ്യദിവസം തന്നെ ചോദ്യം ചെയ്തിരുന്നെങ്കിൽ എല്ലാം പുറത്തുകൊണ്ടുവരാമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു.
അഭിരാമിന്റെ അച്ഛന്റെ വാക്കുകള്‍: ‘കൂട്ടുകാരന്റെ വീട്ടിൽ പോകുന്നെന്നാണ് പറഞ്ഞത്. വേറെ ഒരു 17കാരനുണ്ട് ഇവിടെ, അവന്റെ കൂടെയേ പോവുകയുള്ളൂ. ഞാൻ അവനെ ഫോൺ വിളിച്ചപ്പോൾ ബെല്ലടിച്ചു എടുത്തില്ല. പിന്നെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് വിളിച്ചപ്പോൾ ബെല്ലടിച്ചു എടുത്തു. എടുത്ത് പറഞ്ഞു, അച്ഛാ ഞാൻ ദാ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അപ്പോൾ മഴയുടെ നല്ല ലക്ഷണം. സംസാരത്തിൽ എന്തോ കിതപ്പുണ്ടായിരുന്നു. മഴയായതുകൊണ്ട് അവൻ സ്പീഡിൽ നടക്കുകയായിരിക്കും എന്ന് കരുതി.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോൺ ബെല്ലടിക്കുന്നു, എടുക്കുന്നില്ല. അഞ്ചു മണി വരെ വിളിച്ചു. പത്ത് പന്ത്രണ്ട് കോളുകൾ വിളിച്ചു. എടുക്കൂല്ല. പിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. പിന്നെ എട്ട് ഒൻപത് മണിയായപ്പോൾ അതുവരെ കാണാത്തതിനാൽ സ്റ്റേഷനില്‍ പരാതിപ്പെട്ടു. അവര്‍ ചോദിച്ചത്, അവൻ എവിടെ പോകണം എന്ന് പറഞ്ഞാണ് പോയത്? ഞാൻ പറഞ്ഞു, സാറെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോണം എന്ന് പറഞ്ഞാണ് പോയത്. ആ കൂട്ടുകാരനെ വിളിച്ചോ എന്ന് ചോദിച്ചു. ഞാൻ അവനെ വിളിച്ചു. അവനെ വിളിച്ചപ്പോൾ ഉച്ചയ്ക്ക് അവിടെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം അവിടെ ചെന്നില്ല എന്നാണ് പറഞ്ഞത്. അങ്ങനെ അവന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി.
രാത്രി പൊലീസ് വന്ന് അവിടെ മൊത്തം സെര്‍ച്ച് ചെയ്തു. ഒന്നും കിട്ടിയില്ല. അപ്പോൾ കൂട്ടുകാരനെ വിളിച്ചപ്പോള്‍ അവൻ പറഞ്ഞു, ‘മാമാ മൂന്ന് മണിക്ക് പാങ്ങപ്പാറ പോകും’. ഒരു കുട്ടിയെ കാണാൻ പോകും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ആര് പറഞ്ഞു? മൂന്ന് മണിക്ക് പോകും എന്ന് പറഞ്ഞു. മാമാ ഒരു കാര്യം ചെയ്യ്. ഗാന്ധിപുരത്തുള്ള ഒരു പയ്യനെ, ഇവിടെ ശ്രീകാരത്തുള്ള ഒരു പെൺകുട്ടിയെ കാണാൻ പോണം എന്ന് പറഞ്ഞത്. അങ്ങനെ പാങ്ങപ്പാറ പോകും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ആ കുട്ടിയുടെ നമ്പർ ഉണ്ടോ? ആ കുട്ടിയുടെ നമ്പർ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ കുട്ടിയുടെ നമ്പർ വാങ്ങിച്ചു.
നമ്പർ വാങ്ങിച്ചു ഞാൻ വിളിച്ചു. വിളിച്ചപ്പോൾ കുട്ടിയുടെ അമ്മയാണ് എടുത്തത്. ഇതാണ് കേസ് എന്ന് പറഞ്ഞു. അവർക്ക് ഒന്നും അറിഞ്ഞുകൂടാ. അപ്പോൾ ഞാൻ ഈ നമ്പർ നേരെ സ്റ്റേഷനില്‍ കൊടുത്തു. എസ്ഐ വിളിച്ചിട്ട് പറഞ്ഞു, ഒരു മിസ്സിങ് കേസ് ആണ്. സാറെ എന്റെ മകൾക്കൊന്നും അറിയത്തൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു, മകള്‍ക്ക് കൊടുത്തപ്പോൾ ഒരുമാതിരി സംസാരം. അപ്പോൾ എസ്ഐ പറഞ്ഞു, നീ അവിടെ ഇരിക്ക് അങ്ങോട്ട് വരാം, നേരിട്ട് ചോദ്യം ചെയ്യാംഅപ്പോൾ അവൾ പറഞ്ഞു, സാറെ നേരിട്ട് വീട്ടിൽ വരണ്ട, ഇന്ന സ്ഥലത്ത് വരാം എന്ന്.
അങ്ങനെ മണക്കാട് ശാസ്താ ക്ഷേത്രത്തിന്റെ മുകളിൽ പാര്‍ക്കില്‍ നിന്ന് ഞാനും നമ്പർ തന്ന 17കാരനും എസ്ഐയും വേറൊരു പൊലീസ് ഉദ്യോഗസ്ഥനും കൂടെ അവിടെ ചെന്നു. അവിടെ ചെന്ന് എസ്ഐ ഒറ്റയ്ക്ക് കുട്ടിയോട് സംസാരിച്ചു. അപ്പോൾ ഒന്നാം പ്രതിസ്ഥാനത്ത് ഉള്ളവന്റെ നമ്പർ കിട്ടി. സാറെ ഈ നമ്പറിൽ നിന്നാണ് എനിക്ക് മെസേജ് വന്നത് എന്ന് പറഞ്ഞു. അങ്ങിനെ അവനെ കസ്റ്റഡിയിൽ എടുത്തു. എന്നിട്ട് അവനെ അങ്ങ് വിട്ടയച്ചു. പിന്നെ അവനെ പിറ്റേന്ന് രാവിലെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് നല്ല രീതിയിൽ ചോദ്യം ചെയ്തപ്പോളാണ് കാര്യങ്ങളൊക്കെ അറിയുന്നത്. തലേദിവസം വിളിച്ച സ്ഥിതിക്ക് നല്ല രീതിയിൽ അപ്പോൾ തന്നെ ചോദ്യം ചെയ്തിരുന്നുണ്ടെങ്കിൽ സത്യം അന്നുതന്നെ അറിയാമായിരുന്നു.’