muhammad-niyas-jauhari-arrest-kollam

കൊല്ലം ഓച്ചിറയില്‍ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി കുറ്റം സമ്മതിക്കുന്ന നിർണായക ശബ്ദരേഖ പുറത്ത്. കുറ്റകൃത്യം ചെയ്തതായി സമ്മതിക്കുന്ന പ്രതി, സംഭവം പുറത്തുപറയരുതെന്ന് അതിജീവിതയോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. ‘ആര് ചോദിച്ചാലും മോള് ഒന്നും പറയരുതെന്നും, ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുതെന്നും’ കുട്ടിയോട് മുഹമ്മദ് നിയാസ് ആവശ്യപ്പെടുന്നു. പ്രതിയുടെ ഫോണിൽ നിന്ന് തന്നെയാണ് കേസിൽ നിർണായക വഴിത്തിരിവാകുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

കേസിന്റെ ആരംഭത്തിൽ താൻ നിരപരാധിയാണെന്ന് പൊലീസിനോട് വാദിച്ച നിയാസ് ജൗഹരിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചത്. താൻ ചെറിയ കുട്ടിയാണെന്നും മാതാപിതാക്കൾ അറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്നും, എന്തിനാണ് ഇത്തരത്തിൽ ചെയ്തതെന്നും അതിജീവിതയായ പെൺകുട്ടി കരഞ്ഞു ചോദിക്കുമ്പോൾ, തന്റെ ‘അപ്പോഴത്തെ ആവശ്യത്തിനായിരുന്നു’ അത് ചെയ്തതെന്നാണ് പ്രതി പ്രതികരിക്കുന്നത്. സംഭവം മറന്നേക്കാൻ ആവശ്യപ്പെടുന്ന ഇയാൾ, ആര് തലകുത്തി നിന്നാലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയണമെന്നും ആവശ്യപ്പെട്ട് കുട്ടിയെ മാനസികമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്.

പ്രതിയുടെ പുറത്തുവന്ന ശബ്ദരേഖ: ‘ഞാൻ ഈ വിഷയം വിട്ടു... മോളിനി ആരോടും ഇങ്ങനെ വെറുതെയെങ്കിലും ഇനി ഒന്നും പറയാൻ നിൽക്കണ്ട അത്രേയുള്ളൂ. മരണം വരെ, മരണം വരെ മോളുടെ വായിൽ നിന്ന് ഒരാളും അറിയാതിരുന്നാൽ മതി. വിട്ടേരെ വിഷയം വിട്ടു.

ഞാൻ പറഞ്ഞല്ലോ മോള് പറയില്ല അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇത് ഇങ്ങനെയൊരു സംശയം... അയാൾ പറഞ്ഞത് മോളുടെ സ്ഥലപ്പേര് വെച്ചിട്ട് അതുകൊണ്ട് മാത്രമാണ്. വിട്ടേരെ മരണം വരെ എന്റെ വായിൽ നിന്ന് ഞാൻ ഇങ്ങനെ പറയുകയോ മോളിങ്ങനെ പറയുകയോ ആരൊക്കെ ഇനി എന്തൊക്കെ ചോദിച്ചാലും പറഞ്ഞാലും മോളും പറയണ്ട, വിട്ടേരെ അതോടെ തീർന്നു വിഷയം.

ഇങ്ങനത്തെ ഒരു ആവശ്യം വന്നത് മാത്രമാണ് ഇടപെട്ടത് ഞാൻ. മോള് പറഞ്ഞില്ല വിട്ടുപോയി. ഇനി ആര് എന്ത് ആനയെ കൊണ്ട് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല ഒരു ബേജാറുമില്ല കഴിഞ്ഞു അത്. അത് ഞാൻ പറഞ്ഞില്ലേ എനിക്ക് ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം നമ്മൾക്ക് പങ്കുള്ള ഒരുകാര്യം. വേറെ ഇനി ആര് തലകുത്തി നിന്നാലും എനിക്ക് യാതൊരു ബേജാറുമില്ല അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല.’

ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിക്കെതിരെയുള്ള പോക്‌സോ കേസിലെ തെളിവുകൾ കൂടുതൽ ശക്തമായിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ ഓച്ചിറയിൽ പ്രതി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഹബീബിയ ഇസ്ലാമിക് അക്കാദമി അധികൃതർ അടച്ചുപൂട്ടി. നാൽപ്പതോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സമാനമായ രീതിയിൽ മറ്റ് കുട്ടികൾക്ക് അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്യും.

ഞായറാഴ്ചയാണ് 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിലാകുന്നത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 16 കാരിയുടെ അടുത്ത ബന്ധുവിന്റെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. 

ENGLISH SUMMARY:

An incriminating audio clip has emerged in the POCSO case involving prominent religious preacher and vlogger Muhammed Niyas Jauhari, who was arrested for sexually abusing a 16-year-old girl in Ochira. In the recovered phone recording, the accused admits to the crime and desperately coerces the victim into keeping silent. Police retrieved this crucial electronic evidence from the accused's seized mobile phone after he initially claimed innocence during interrogation. Following his arrest, authorities have shut down the Habibia Islamic Academy where he served as director and are currently investigating potential similar offenses against other students.