abhiram-sreekaryam

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ 17 വയസുകാരന്‍ കൊല്ലപ്പെട്ടതില്‍ ട്വിസ്റ്റ്. പ്രതികള്‍ ലക്ഷ്യമിട്ടത് അഭിരാമിന്‍റെ സുഹൃത്തായ മറ്റൊരു പതിനേഴുകാരനെയെന്നാണ് കണ്ടെത്തല്‍. പ്രണയത്തര്‍ക്കമായിരുന്നു കാരണം. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനെ എത്തിക്കാനായാണ് പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ അഭിരാം വിളിച്ചിട്ടും സുഹൃത്ത് വന്നില്ല. ഇതിന്‍റെ വൈരാഗ്യത്തില്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയശേഷം വിവരം പെൺകുട്ടിയെ അറിയിച്ചു.

പട്ടാപ്പകലാണ് ഈ സംഭവങ്ങളും നടന്നത്. പ്രതി അഭിരാമിനെ വിളിച്ച് വരുത്തിയത് ഞായര്‍ പകൽ 3.15നാണ്. 5 മണിക്ക് മുൻപായി കൊലപാതകം നടത്തിയെന്നാണ് മൊഴി. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി കായലിൽ തള്ളാൻ ആയിരുന്നു ലക്ഷ്യം. എന്നാല്‍ വൈകിട്ട് മഴ പെയ്തതോടെ പദ്ധതി പാളിയെന്നും മൊഴി.

ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈലാണ് പ്രതി ആയുധമാക്കിയത്. മൊബൈൽ പ്രതി രണ്ട് ദിവസം മുൻപ് വാങ്ങിയിരുന്നു. ചാറ്റ് ചെയ്ത് കൊല നടന്ന സ്ഥലത്ത് വിളിച്ച് വരുത്തുകയായിരുന്നു. പെൺകുട്ടിയെന്ന വ്യാജേന അഭിരാമുമായി ചാറ്റ് ചെയ്തത് പ്രതി തന്നെയാണ്. കൊല നടത്തിയശേഷം വിവരം പെൺകുട്ടിയെ അറിയിക്കുകയും ചെയ്തു.

പ്ലസ് ടു വിദ്യാർഥിയായ അഭിറാമിനെ  ഞായറാഴ്ചയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സുഹൃത്തുക്കളെ കാണാനായി വീട്ടിൽനിന്ന് ഇറങ്ങിയ അഭിറാം രാത്രി ഏഴുമണിയോടെ പിതാവിനെ ഫോണിൽ വിളിച്ച് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, രാത്രി എട്ടരയായിട്ടും വീട്ടിൽ എത്താതിരുന്നതോടെ കുടുംബം വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ENGLISH SUMMARY:

The investigation into the tragic murder of 17-year-old Abhiram in Pangappara near Sreekaryam has revealed a major twist, as police discovered that the assailants originally targeted his friend over a romantic dispute. The accused had taken a girl's mobile phone two days prior and posed as her in chats to lure the intended target to a secluded spot. When Abhiram arrived at the location, his friend failed to turn up despite being called, prompting the attackers to brutally assault and kill Abhiram in fit of anger. Although the culprits initially planned to wrap the body in a sack and dump it in the lake, heavy evening rain foiled their attempt, leading to the discovery of the body.