ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മുരശ്' തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു. പുലർച്ചെ ഒരു മണിയോടെ നെല്ലൂരിനും നർസപുരിനുമിടയിലാണ് കരതൊട്ടത്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വേഗതയിലുമുള്ള ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 19 വിമാനങ്ങളും 15 ട്രെയിനുകളും റദ്ദാക്കി. തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം തുടരുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെല്ലാം ചുഴലിക്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടും. അതിതീവ്ര മഴ, കടലാക്രമണം, 1.5 മീറ്റർ വരെ ഉയരത്തില്‍ തിരമാല മുന്നറിയിപ്പ് എന്നിവ നിലവില്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും ചെന്നൈ നഗരത്തിലും കനത്ത മഴ തുടരുകയാണ്. ആന്ധ്രയിലെ പ്രകാശം, ബാപട്ല, നെല്ലൂർ, കൃഷ്ണ തുടങ്ങിയ തീരദേശ ജില്ലകളിൽ പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഒഡിഷയിലെ ഗഞ്ചം, ഗജപതി, കോരാപുട്, പുരി തുടങ്ങിയ 8 തെക്കൻ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീരദേശ മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കടലിൽ പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകൾ സജ്ജമാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'മുരശ്' എന്ന പേര് തമിഴ് ഭാഷയിൽ നിന്നുള്ളതാണ്. പണ്ട് യുദ്ധ സമയത്തും ആഘോഷ വേളകളിലും മുന്നറിയിപ്പുകൾ നൽകാന് ഉപയോഗിച്ചിരുന്ന വലിയ ചെണ്ടയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.