kalady-sfi

കാലടി സർവകലാശാല വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച് സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ മാപ്പ് എഴുതി നൽകിയാൽ തിരിച്ചെടുക്കാൻ കാലടി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. അഭിജിത്ത്, ശ്യം ജിത്ത്, ശ്രദ്ധ, അർച്ചന എന്നീ വിദ്യാർഥികൾ സസ്പെൻഷൻ കാലയളവിലും അച്ചടക്ക ലംഘനം നടത്തിയതിനാൽ ഇവരുടെ സസ്പെൻഷൻ 2 മാസത്തേക്കുകൂടി നീട്ടി. 

16 വിദ്യാർത്ഥികളും കുറ്റക്കാരാണെന്നാണ് സർവകലാശാല നിയോഗിച്ച അച്ചടക്ക സമിതിയുടെ കണ്ടെത്തല്‍. അതേസമയം, മാപ്പ് പറയില്ലെന്നും കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ വേട്ടയാടുന്നുവെന്നും എസ്എഫ്ഐ. വിദ്യാര്‍ഥികളെ കാണുമ്പോള്‍ ഹാലിളകുന്ന വിസിയെ അടിച്ചു പുറത്താക്കണമെന്ന് SFI സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പറ‍ഞ്ഞു. 

എന്നാല്‍, കാലടിയില്‍ നടന്നതെന്തെന്ന് ബോധ്യമുണ്ടെന്നും സിപിഎമ്മിന്‍റെ ക്ലാസ് തനിക്ക് ആവശ്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ പ്രതികരിച്ചു. ഓഫീസിലേക്കോ വീട്ടിലേക്കോ സമരം നടത്തിക്കോട്ടെയെന്നും സംഘപരിവാര്‍ നിലപാടെടുക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും റോജി.എം.ജോണ്‍ പറഞ്ഞു. 

അതേസമയം, മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനെത്തിയ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. യൂണിയൻ ചെയർമാൻ പ്രണീൽ രാജ് ,വൈസ് ചെയർപേഴ്സൺ നഫീസ്ത്തുൽ മിസ്‌രിയ എന്നിവരെയാണ് ഇന്നു ചേർന്ന കോളജ് കൗൺസിൽ യോഗം പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. കൗൺസിൽ നടപടിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

ENGLISH SUMMARY:

Sree Sankaracharya University of Sanskrit syndicate has decided to reinstate 12 of the 16 suspended students if they submit a written apology, while four others face extended suspension. Meanwhile, fresh protests and political tensions have erupted involving SFI and higher education authorities across Kerala universities.