അരുണാചലിലെ ഇന്ത്യ– ചൈന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി ഐടിബിപി മേധാവി. സേന ജാഗ്രതയോടെ, പ്രതിരോധിക്കുന്നുണ്ടെന്നും ഐടിബിപി ഡയറക്ടര്‍ ജനറല്‍ ശത്രുജിത് കപൂര്‍ പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും മൗനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇന്ത്യ – ചൈന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടെന്നും അടുത്തിടെ ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചെന്നുമാണ് ഐടിബിപി ഡയറക്ടര്‍ ജനറല്‍ ശത്രുജിത് കപൂര്‍ വെളിപ്പെടുത്തിയത്. യഥാര്‍ഥ നിയന്ത്രണ രേഖ കാക്കുന്ന ഐടിബിപിയുടെ മേധാവി തന്നെ സംഘര്‍ഷാവസ്ഥയുണ്ടെന്ന് സ്ഥിരീകരിച്ചത് രാഷ്ട്രീയ വിവാദമായി. ഇതോടെ ശത്രുജിത് കപൂറിന്‍റെ പ്രതികരണം സമൂഹമാധ്യമത്തില്‍നിന്ന് നീക്കം ചെയ്തു.
Also read: അതിര്‍ത്തിക്കിപ്പുറത്തേക്ക് തോക്കും വെടിയുണ്ടകളും ലഹരിയും 'നിക്ഷേപിച്ച്' പാക്കിസ്ഥാന്‍; ഉപയോഗിച്ചത്
അതിര്‍ത്തിയില്‍ സംഘര്‍ഷമില്ലെന്നും ഇന്ത്യന്‍ സൈന്യം കൃത്യമായി പട്രോളിങ് നടത്തുന്നുണ്ടെന്നും ആവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ഐടിബിപി മേധാവിയുടെ പ്രതികരണം വെട്ടിലാക്കി. പരമ്പരാഗത സൈനിക ശക്തിയിൽ ചൈന ഏറെ മുന്നിലെത്തിയെന്നും ശത്രുജിത് കപൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മോദി എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു. ചൈനയ്ക്ക് കൊടുത്ത ക്ലീന്‍ ചിറ്റാണ് പ്രശ്നങ്ങള്‍ക്ക് കാരണം. യഥാർഥ വിവരങ്ങൾ കേന്ദ്രം മറച്ചുവയ്ക്കുകയാണെന്നും കോൺഗ്രസ് വിമര്‍ശിച്ചു. ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതും കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകളിലെ പുരോഗതിയും ചൂണ്ടിക്കാട്ടി ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.