സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ നടപടികളില്ലാതെ കാർട്ടൺ കമ്പനിക്ക് കരാർ നൽകിയതടക്കമുള്ള ആരോപണങ്ങളിലാണ് പരിശോധന. ഈ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയുണ്ട്. ജൂണിൽ ആഭ്യന്തര മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Also Read: നെടുമ്പാശേരി അപകടം; സുഹൈല്‍ പറഞ്ഞത് കളവ്; അരകിലോമീറ്റര്‍ പിന്നിട്ടത് 11 സെക്കന്‍ഡില്‍
ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട കരാറുകൾ കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ഈ സ്ഥാപനം ദിവ്യയുടെ ബിനാമിയുടേതാണെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണൂരിലെ പാലക്കയംതട്ടിൽ ഭൂമി വാങ്ങിക്കൂട്ടി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും പരാതിയുണ്ട്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിച്ചതിലും ദിവ്യ ക്രമക്കേട് നടത്തിയെന്നാണ് മറ്റൊരു ആരോപണം. താൽപര്യമുള്ളവരുടെ കമ്പനികൾക്ക് കരാർ നൽകി അഴിമതി നടത്തിയെന്നാണ് ആഭ്യന്തര മന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. പടിയൂരിൽ എബിസി സെന്റർ നിർമിച്ചതിലും ക്രമക്കേട് നടന്നെന്ന ആരോപണമുണ്ട്. ഈ പരാതികളാണ് വിജിലൻസ് അന്വേഷണ പരിധിയിൽ വരുന്നത്.
Also Read: സിനഗോഗ് തീവെപ്പ് കേസ്; എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി; കേസ് അന്വേഷണം NIA ഏറ്റെടുക്കും
ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും അന്വേഷണ പരിധിയിൽ വരും. ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും. ദിവ്യക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ മുൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. 2023–24 കാലയളവിലാണ് പരാതിക്ക് ആധാരമായ ക്രമക്കേടുകൾ നടന്നതെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അന്തിമ അനുമതി നൽകിയത്.