എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് ഇന്ത്യന്‍ മരുന്ന് കൊടുക്കുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. ഇന്ത്യന്‍ മരുന്ന് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി ചെയര്‍മാനും വ്യക്തമാക്കി. മറ്റു മരുന്നുകളില്ലാത്ത സാഹചര്യത്തിലാണ് വിദേശ മരുന്ന് നല്‍കിയതെന്നും ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയതില്‍ ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരുന്നു മാറ്റത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്ക അവഗണിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read: എസ്എംഎ മരുന്ന് വിവാദം; രക്ഷിതാക്കളുടെ ആശങ്ക അവഗണിക്കാന്‍ സര്‍ക്കാര്‍; മരുന്നും തീരുമാനവും മാറ്റില്ല
മരുന്ന് ഇന്ത്യയില്‍ പരീക്ഷിച്ച് വിജയം ഉറപ്പിച്ചതാണെന്നും സുപ്രീംകോടതിയും ഇക്കാര്യം പരിശോധിച്ച് വ്യക്തതവരുത്തിയതാണെന്നും വിദഗ്ധസമിതി ചെയര്മാന് പറഞ്ഞു. ഈ മരുന്നിന്റെ പരീക്ഷണം ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ മരുന്നില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി മുരളീധരനും വ്യക്തമാക്കി. ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് സംസാരിച്ചെന്നും ഇതിലൂടെ ആശങ്കയകറ്റുമെന്നും മന്ത്രി പറഞ്ഞു.
സംശയങ്ങൾ ഉണ്ടാകേണ്ടന്ന് കരുതിയാണ് ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്ന് തിരിച്ചെടുത്തത്. വിവാദത്തിന് പിന്നില്‍ വിദേശകമ്പനിയാകാമെന്നും മുരളീധരന്. സര്‍ക്കാറിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ മുന്‍ ആരോഗ്യ മന്ത്രിമാരെയും മുരളീധരന് വിമര്‍ശിച്ചു. സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്ത വനിതകൾ ഇന്നലെ ഒരുമിച്ച് വന്നിരുന്നു എന്നായിരുന്നു പ്രതികരണം. ഒരു മന്ത്രിയുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികൾ മരിച്ചത്. മറ്റൊരു മന്ത്രിയുടെ കാലത്താണ് നിപ്പയിൽ മനുഷ്യർ മരിച്ചത്. മറ്റൊരു മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞവരാണെന്നും മന്ത്രി പറഞ്ഞു.
Also Read: നെടുമ്പാശേരി അപകടം; സുഹൈല്‍ പറഞ്ഞത് കളവ്; അരകിലോമീറ്റര്‍ പിന്നിട്ടത് 11 സെക്കന്‍ഡില്‍
നാറ്റ് കോ കമ്പനികൾ വന്ന് കണ്ടത് സിഎസ്ആർ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. കാശ് വാങ്ങാനാണങ്കിൽ ഫോട്ടോ എടുക്കുമോ എന്നും ആരോഗ്യ മന്ത്രി ചോദിച്ചു. നാറ്റ്കോ കമ്പനി സിപിഎമ്മിന് സംഭാവന കൊടുത്തിട്ടുണ്ടെന്നും അന്ന് ആരായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുരളി ചോദിച്ചു.