ജമ്മുകശ്മീരിലെ തല്‍ഹാറിലേക്ക് പാക്കിസ്ഥാന്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങളും ലഹരി മരുന്നും പിടികൂടി. ഇറ്റാലിയന്‍ നിര്‍മിത ബ്രെറ്റ തോക്കും വെടിയുണ്ടകള്‍ സൂക്ഷിക്കുന്ന രണ്ട് ഭാഗങ്ങളും വെടിയുണ്ടകളും അരക്കിലോ വീതം ഹെറോയിനും കറുപ്പുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷഹ്സാദ് ഭട്ടി ഗ്യാങുമായി ബന്ധമുള്ള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധ–ലഹരിക്കടത്തിനുള്ള പദ്ധതിയായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്.
തല്‍ഹാര്‍ സ്വദേശികളായ രണ്ടുപേരെയും ത്രെവ സ്വദേശിയായ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായവരെല്ലാം ലഹരിക്കടിമകളാണെന്നും മൂന്നുപേര്‍ 20 വയസിനടുത്ത് പ്രായമുള്ളവരാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ജഗന്‍പ്രീത് രണ്‍ധാവയെന്നയാളെ പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്തു. യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഭട്ടി ഗ്യാങിന്‍റെ ബന്ധം വെളിവായത്. രാജ്യാന്തര അതിര്‍ത്തിക്കടുത്ത് നിന്നുമാണ് ഡ്രോണില്‍ ലഹരി മരുന്നും ആയുധങ്ങളും എത്തിക്കുന്നെതന്നും ആദ്യം തോക്കും പിന്നീട് ലഹരിയും എത്തിച്ചു നല്‍കിയെന്നും ഇവര്‍ മൊഴി നല്‍കി.
ഗുരുതരമായ വെളിപ്പെടുത്തലാണിതെന്നും ഭീകരവാദികള്‍ ഇത്തരത്തില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധം കടത്തുന്നതും ലഹരി കടത്തുന്നതും തടയാന്‍ ഊര്‍ജിതമായ നടപടി വേണമെന്നും സൈന്യത്തെ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടത്തിയ വ്യാപക പരിശോധനയില്‍ ഭട്ടി ഗ്യാങുമായി ബന്ധമുള്ള 250 പേരെ പൊലീസ് കണ്ടെത്തുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.