ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് മന്ത്രി മുസാദിഖ് മാലിക് (ചിത്രം :ANI)
ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിഖ് മാലികിന് താജ് മഹലും നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിക്കാന്‍ മോഹം. നാളെ പുരാന കിലയില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മുസാദിഖ് ഇന്ത്യയിലെത്തിയത്. മുസാദികിന്റെ ഇന്ത്യാ സന്ദര്‍ശനം തന്നെ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഒരുപക്ഷേ അനുവാദം നല്‍കിയേക്കാമെന്നും എന്നാല്‍ നിസാമുദ്ദീന്‍ ദര്‍ഗയില്‍ സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിക്കുമെന്നാണ് സൂചന. അതേസമയം ഉച്ചകോടി നടക്കുന്ന സ്ഥലത്തല്ലാതെ മറ്റെങ്ങും സന്ദര്‍ശനത്തിന് അനുവാദം നല്‍കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം മുസാദിഖിനെയും ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2003ല്‍ എസ്സിഒ ഉച്ചകോടിക്കായി ബിലാവല്‍ ഭൂട്ടോ ഇന്ത്യയിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു പാക്കിസ്ഥാന് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഓപറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവും മുസാദിഖാണ്. ചട്ടപ്രകാരം ഇന്ത്യ തന്നെയാണ് പാക്കിസ്ഥാന് ഉള്‍പ്പടെയുള്ള എല്ലാ എസ്സിഒ അംഗങ്ങള്‍ക്കും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് അയച്ചത്. ഒക്ടോബര്‍ 28ന് ഇന്ത്യ അയച്ച കത്തിന് മുസാദിഖ് മാലിക് പങ്കെടുക്കുമെന്ന് പാക്കിസ്ഥാന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 'പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ തമ്മിലും സംസ്കാരങ്ങള്‍ തമ്മിലുമുള്ള ആശയ വിനിമയം പ്രോല്‍സാഹിപ്പിക്കുന്നത് പാക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ പ്രതിനിധി പങ്കെടുക്കും' എന്നായിരുന്നു പാക്കിസ്ഥാന്റെ അറിയിപ്പ്.
അതേസമയം, പാക് മന്ത്രിയെ ഉച്ചകോടിക്കായി ക്ഷണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനോടുള്ള നിലപാടില്‍ പെട്ടെന്ന് മാറ്റം വരാന്‍ കാരണമെന്താണെന്നും സിന്ധു ജല കരാര്‍ റദ്ദാക്കിയപ്പോള്‍ ഇന്ത്യയ്ക്കെതിരെ മുസാദിഖ് നടത്തിയ പ്രകോപനപരമായ വാക്കുകള്‍ മറന്നുപോയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തി.
2001ല്‍ റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ഷാങ്ഹായില്‍ സമ്മേളിച്ചാണ് ഉച്ചകോടിക്ക് തുടക്കമിട്ടത്. 2017 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതില്‍ സ്ഥിരാംഗത്വം നേടി. 2023ലാണ് ഇറാന് അംഗത്വം നേടിയത്. 2024 ഒക്ടോബറില്‍ ഇസ്ലമാബാദില് വച്ചായിരുന്നു ഉച്ചകോടി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്.