Relatives of Durga Puja Pandal stampede victims mourn in front of the emergency building of Calcutta Medical College and Hospital in Kolkata on October 16, 2026. At least 17 people were killed and two dozen more injured on October 17 in eastern India after a stampede that was likely caused by sudden rainfall during a Hindu religious gathering, officials said. (Photo by AFP)
കൊൽക്കത്തയിലെ ചോർബഗനിൽ ദുർഗാ പൂജ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും 19 മരണം. 24 പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 7.40നാണ് ശാരദ പാർക്കിലെ പന്തലിൽ അപകടം ഉണ്ടായത്. പൂജയിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ പുറത്തുള്ളവർ പന്തലിന് ഉള്ളിലേക്ക് ഓടിക്കയറിയതാണ് ദുരന്തത്തിന് കാരണം.
Also Read: കോഴിക്കോട് നിന്നും കാണാതായ അനുമോളെ കണ്ടെത്തി; അബ്ദുല് സമദ് കസ്റ്റഡിയില്
അകത്തേക്കും പുറത്തേക്കും ഉള്ള വഴികൾ ഇടുങ്ങിയതായതും വ്യാപ്തി കൂട്ടി. പരുക്കേറ്റവർ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. പൂജയുടെ നടത്തിപ്പുകാരടക്കം 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. രാത്രിതന്നെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി പരുക്കേറ്റവരെ കണ്ടു. കൊൽക്കത്തയിൽ ഉള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പരിക്കേറ്റവരെ സന്ദർശിക്കും.
അമിത് ഷായുടെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു , ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് വടക്കൻ കൊൽക്കത്തയിലെ ചോർബഗാൻ സർബോജനീൻ പന്തലിൽ ദുരന്തമുണ്ടായത്. പന്തലിലേക്ക് കടക്കാന് ഇടുങ്ങിയ വഴിയായിരുന്നു ഉണ്ടായിരുന്നത്, കൂടാതെ ശക്തമായ മഴയും വലിയ ജനത്തിരക്കും അപകടത്തിനു കാരണമായെന്ന് ദൃക്സാക്ഷികള് പറഞ്ഞു. പുറത്ത് മഴ ശക്തിയായതോടെ എല്ലാവരും കൂടി പന്തലിനുള്ളിലേക്ക് കയറിയതാണ് ദുരന്തത്തിനു സാഹചര്യമൊരുക്കിയത്.
പ്രവേശനകവാടത്തില് നിന്നവരും പുറത്തുള്ളവരും അകത്തേക്ക് കയറാന് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ആളുകൾ ഒന്നിനുമേൽ ഒന്നായി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ 25കാരന് സോനു പാല് പറഞ്ഞു. തന്റെ അമ്മ കണ്മുന്നിലാണ് മരിച്ചതെന്നും ഇദ്ദേഹം പറയുന്നു. പ്രവേശനകവാടവും പുറത്തേക്കുള്ള വഴിയും വളരെ ഇടുങ്ങിയതായിരുന്നുവെന്നും പ്രദേശത്ത് വെളിച്ചമുണ്ടായിരുന്നില്ലെന്നും അപകടത്തില് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര് പറയുന്നു.
എന്നാല് സംഭവസമയത്ത് ആ പ്രദേശത്ത് പൊലീസോ വളന്റിയര്മാരോ ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള് പറയുന്നു. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് ബോധം നഷ്ടപ്പെട്ടതായും പരുക്കേറ്റവരെ മോട്ടോർസൈക്കിളുകളിൽ ഉൾപ്പെടെ ആശുപത്രികളിലേക്ക് എത്തിച്ചതായും മറ്റൊരു ദൃക്സാക്ഷി എഎൻഐയോട് പറഞ്ഞു. പലരും തിരക്കില്പ്പെട്ട് റോഡില് തന്നെ വീഴുന്ന സാഹചര്യവുമുണ്ടായി. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും സ്ഥിതിഗതികൾ വിലയിരുത്താൻ ആശുപത്രിയിലെത്തി. അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുൻ മുഖ്യമന്ത്രി മമത ബാനർജി പരുക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
കൊൽക്കത്തയിലെ ചോർബാഗാൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർബോജനീൻ ദുർഗാപൂജ പന്തലിന് 90 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോര്ട്ട്. വടക്കൻ കൊൽക്കത്തയിലെ ഹാത്തിബാഗാൻ, ബീഡൺ സ്ട്രീറ്റ് മേഖലകളുമായി ബന്ധപ്പെട്ട ഈ ആഘോഷം നഗരത്തിലെ പഴക്കമേറിയ ദുർഗാപൂജകളിലൊന്നാണ്.