ബെംഗളൂരുവിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാം ടി20 മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു. ഇന്ത്യയും വെസ്റ്റ് ഇൻഡീസും കിരീടം പങ്കിട്ടു.
ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം മത്സരം ഒൻപത് ഓവർ വീതമുള്ള പോരാട്ടമായി ചുരുക്കിയിരുന്നു. മഴ വീണ്ടും എത്തിയതോടെ 7.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ മത്സരം അവസാനിപ്പിക്കേണ്ടിവന്നു. ഓപ്പണർ അഭിഷേക് ശർമ നേരത്തേ പുറത്തായതിനു പിന്നാലെ വെറും 10 പന്തിൽ 30 റൺസടിച്ച് ഇഷാൻ കിഷൻ തകർപ്പൻ പ്രകടനം നടത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 22 റൺസ് നേടി. നമൻ ധീർ 24 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ് 16 റണ്സെടുത്ത് പുറത്തായി. വെസ്റ്റ് ഇൻഡീസിനായി കീമോ പോൾ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.