kolkata-durga-puja-stampede

ബംഗാളിലെ കൊൽക്കത്തയിൽ ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ തിക്കും തിരക്കിലും പെട്ട് നിരവധി മരണം. വടക്കൻ കൊൽക്കത്തയിലെ പ്രശസ്തമായ ചോർബഗാൻ സർവജനീൻ പൂജാ പന്തലിലാണ് (ചോർബഗാൻ സരദ പാർക്ക്) അപകടമുണ്ടായത്. 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ശനിയാഴ്ച വൈകുന്നേരം 7:40-ഓടെയാണ് സംഭവം. പൂജാ പന്തലിലെ തിരക്കിനിടയിൽ പെട്ടെന്ന് മഴ പെയ്യുകയും പുറത്തുനിന്ന ആളുകൾ കൂട്ടത്തോടെ പന്തലിനുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ചിലർ റോഡിൽത്തന്നെ വീണു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ബോധം നഷ്ടപ്പെട്ടതായി ഒരു ദൃക്‌സാക്ഷി എഎൻഐയോട് പറഞ്ഞു. കവാടത്തിന്റെ കവാടങ്ങള്‍ ഇടുങ്ങിയതായിരുന്നുവെന്നും വെളിച്ചമില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

തിക്കും തിരക്കിലും പെട്ട് മരിച്ചരില്‍ 13 പേര്‍ സ്ത്രീകളാണ്. ഒരു കുട്ടിയുമുണ്ട്. 35-ലധികം ആളുകളെ ഗുരുതര പരിക്കുകളോടെ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരെയും മോട്ടോർ സൈക്കിളുകളിലാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൃത്യമായ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും ദുരന്ത നിവാരണ സേനയും ആംബുലൻസുകളും എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തെ തുടർന്ന് പന്തലിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആരോഗ്യ മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ലാൽബജാർ കൺട്രോൾ റൂമിൽ പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും (18003455678, 03322141310) സജ്ജീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ബംഗാളിലെ തന്‍റെ പരിപാടികൾ മാറ്റിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. മുൻ മുഖ്യമന്ത്രി മമത ബാനർജിയും അനുശോചനം അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

At least 17 people were killed and numerous others injured in a devastating stampede at the prominent Chorbagan Sarbojanin Durga Puja pandal in north Kolkata. The tragedy unfolded on Saturday evening when a sudden downpour caused outsiders to rush inside the crowded pandal, leading to a massive crush at the narrow entrance. Emergency rescue operations were swiftly launched, and over 35 severely injured individuals were rushed to the Kolkata Medical College Hospital. Prime Minister Narendra Modi and other national leaders expressed deep grief over the tragedy, while the state government announced ex-gratia compensation for the victims' families.