മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുക്കാതിരിക്കാന‍് ഡല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിൽ എടുക്കുകയല്ല തട്ടിക്കൊണ്ടുപോകുകയാണ് ഉണ്ടായതെന്ന് യൂട്യൂബർ ധ്രുവ് റാഠി. പൊലീസ് വിട്ടയച്ചതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ധ്രുവ് റാഠി ഇന്നലെ നടന്ന സംഭവങ്ങൾ വിശദീകരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മഫ്തിയിലുള്ള ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥർ ബെഡ്റൂമിലേക്ക് കയറിവന്നെന്ന് ധ്രുവ് റാഠി പറഞ്ഞു. ഉറക്കമുണർന്ന് വന്ന തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് മനസിലാകുന്നതിന് മുൻപുതന്നെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ തട്ടികൊണ്ട് പോകുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു അറസ്റ്റോ കസ്റ്റഡിയോ അല്ലാത്തതിനാൽ കിഡ്നാപ്പ് എന്ന വാക്കാണ് താൻ ഉപയോഗിക്കുന്നതെന്നും ധ്രുവ് വ്യക്തമാക്കി. 'ഞാൻ ഏതെങ്കിലും പ്രതിഷേധ സ്ഥലത്ത് പോവുകയും അവിടെ വെച്ച് പ്രതിഷേധിക്കുകയും ചെയ്യുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെങ്കിൽ അത് വേറൊരു കാര്യമാണ്. എന്നാൽ ഏതെങ്കിലും പൊലീസുകാരൻ യൂണിഫോമിൽ വന്ന് നെയിം പ്ലേറ്റ് കാണിച്ച്, കൃത്യമായ വകുപ്പുകളും ആരോപണങ്ങളും വ്യക്തമാക്കി അറസ്റ്റ് വാറന്റ് നൽകി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ സന്തോഷത്തോടെ പോകുമായിരുന്നു. എന്നാൽ ഇതിലൊന്നും ഇവിടെ സംഭവിച്ചില്ല,'- ധ്രുവ് റാഠി പറഞ്ഞു.
തന്നെ തട്ടികൊണ്ടുപോയതിനെ ന്യായീകരിച്ച് ഗോദി മീഡിയകൾ താനൊരു വിദേശ പൗരനാണെന്ന രീതിയിൽ വാർത്തകൾ കൊടുത്തിരുന്നു. എന്നാൽ താനൊരു ഇന്ത്യൻ പൗരൻ ആണെന്നും എന്നും ആയിരിക്കുമെന്നും ധ്രുവ് റാഠി കൂട്ടിച്ചേർത്തു. തന്‍റെ ഇന്ത്യൻ പാസ്പോർട്ട് കാണിച്ചുകൊണ്ടാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്.
അതേസമയം സിജെപി ജന്തര്‍ മന്തറില്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന ഡല്‍ഹി പൊലീസിന്‍റെ നിര്‍ദേശം തള്ളിയതിനെ തുടര്‍ന്നാണ് യൂട്യൂബര്‍ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുഗ്രാമിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്. കേന്ദ്രീയ വിഹാറിലെ ധ്രുവ് റാഠിയുടെ വീട്ടിലേക്ക് രാവിലെ ഏഴരയോടെ മുപ്പതോളം പേരടങ്ങുന്ന പൊലീസ് സംഘം എത്തുകയായിരുന്നു.
ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി ഇല്ലെന്നും പങ്കെടുക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച ധ്രുവ് റാഠി, താന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നും ഇതോടെയാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസുകാരിലൊരാള്‍ പറഞ്ഞിരുന്നു.