• നരേന്ദ്ര മോദിയും അമിത് ഷായും എന്തുകൊണ്ടാണ് ഈ വിഷയത്തെ കാര്യമായി എടുക്കാത്തതെന്ന് പ്രിയങ്ക ഗാന്ധി

ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ ലൈംഗികാതിക്രമത്തില്‍ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. 

നരേന്ദ്ര മോദിയും അമിത് ഷായും എന്തുകൊണ്ടാണ് ഈ വിഷയത്തെ കാര്യമായി എടുക്കാത്തതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇന്നലെ (ഒക്ടോബർ മൂന്ന്) ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ആരോപിച്ചിരുന്നു.  

കോളേജ് വിദ്യാർത്ഥിനികൾ മുതൽ മാധ്യമപ്രവർത്തകർ വരെ രാജ്യത്ത് സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 'നരേന്ദ്ര മോദി ജി, അമിത് ഷാ ജി, സ്ത്രീകളോട് പെരുമാറുന്ന രീതി ഇതാണോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങൾ ഇതിൽ നടപടിയെടുക്കാത്തത്?'- പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. ജനങ്ങൾക്ക് സുരക്ഷ നൽകേണ്ട പൊലീസുകാർ തന്നെ സ്ത്രീകളെ ഭയപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കുകയാണെന്നും അവർ ആരോപിച്ചു.   

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് മാധ്യമപ്രവർത്തകർക്ക് നേരെ മോശം അനുഭവമുണ്ടായത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ കാര്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഞെട്ടല്‍ രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പറഞ്ഞു. 

ENGLISH SUMMARY:

Congress leader and Wayanad MP Priyanka Gandhi strongly criticized Prime Minister Narendra Modi and Home Minister Amit Shah over alleged sexual assault by Delhi Police against three female journalists at a Jantar Mantar protest. Pointing out that no FIR or significant action has been taken yet, she questioned why women, from college students to journalists, remain unsafe in the country and highlighted how police are instilling fear instead of ensuring security. Meanwhile, the Press Council of India expressed deep shock over the incident, and the Delhi Police Crime Branch has ordered an inquiry into the matter.