കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടിയില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ബിജെപി പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചില്ല. വിഷയം ദേശീയതലത്തിൽ ചർച്ചയാക്കാതെ ബിജെപി. 

 

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, മുൻ സംസ്ഥാന സെക്രട്ടറി സാജു ഖാൻ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അമിത്ഷായെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസുകാർ സംഘടിച്ച് പ്രതിഷേധിച്ചിട്ടും അറസ്റ്റ് മൂന്നുപേരിൽ മാത്രം ഒതുങ്ങി. പിന്നീട് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദർശനത്തിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയില്ല. 

 

പ്രതിഷേധമുണ്ടാകുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് നിലനിൽക്കെ ചില പൊലീസ് ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസുകാർക്ക് അവസരമൊരുക്കിയെന്നും ആരോപണമുയർന്നു. കരിങ്കൊടിയുമായി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തുകയും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. 

 

എന്നാൽ അമിത് ഷായ്ക്ക് നേരെ കേരളത്തിലുണ്ടായ പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. 

പാർട്ടിയിലെ രാഷ്ട്രീയ ചാണക്യന് നേരെ കരിങ്കൊടി കാണിച്ചെന്ന നാണക്കേട് ഒഴിവാക്കാനാണ് വിഷയം ദേശീയതലത്തിൽ ഉന്നയിക്കാത്തതെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് പുറത്തുവരുന്ന വിവരം.

ENGLISH SUMMARY:

No formal action has been taken regarding the security lapse during Union Home Minister Amit Shah's recent visit to Kerala, despite official complaints submitted by the BJP to the Union Home Secretary and the State DGP.