New Delhi: A student activist clings to a Delhi Police bus to stop it from moving away with detained protesters, while security personnel intervene during a demonstration demanding the resignation of Chief Election Commissioner (CEC) Gyanesh Kumar over alleged electoral roll irregularities, near Jantar Mantar, in New Delhi, Friday, Oct. 2, 2026. (PTI Photo)(PTI10_02_2026_000299A)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടന്ന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ ഡല്‍ഹി പൊലീസിലെ എസിപി വിവേക് ഭാഗത് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍. പൊലീസ് നടപടി ചിത്രീകരിക്കുന്നതിനിടെ എസിപി തന്നെ അനാവശ്യമായി സ്പര്‍ശിച്ചുവെന്നും തള്ളിയെന്നും ഒരു പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ അപ്പോള്‍ തന്നെ സ്വീകരിച്ചുവെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായി അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നുമാണ് ഡല്‍ഹി പൊലീസിന്‍റെ വിശദീകരണം.
ഡല്‍ഹി പൊലീസിന്‍റെ നടപടിയില്‍ നടുക്കം രേഖപ്പെടുത്തിയ പ്രസ് കൗണ്‍സില്‍ ഇത് ജനാധിപത്യത്തിനും സ്ത്രീകളുടെ അന്തസിനും നേരെയുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു. 'ഇത്തരം നടപടികള്‍ ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും' പ്രസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു പ്രവര്‍ത്തിയുണ്ടായത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരെയും പൊലീസിന്‍റെ അതിക്രമം ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ പൊലീസ് അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസ് ആഭ്യന്തര മന്ത്രിക്ക് കീഴിലാണ് വരുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
'ജന്തര്‍ മന്തറില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതായി വനിതാ മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ച ശേഷമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്. ഇങ്ങനെയാണോ പൊലീസ് പെരുമാറേണ്ടത്?' രാഹുല്‍ ചോദ്യമുയര്‍ത്തി. 'പ്രതിഷേധിച്ച വനിതകള്‍ക്ക് ശാരീരികാതിക്രമം നേരിടേണ്ടി വന്നു. ക്യാമറകള്‍ പിടിച്ചെടുക്കപ്പെട്ടു, മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ചു. നടപടി വേണം'– രാഹുല്‍ ഗാന്ധി പറഞ്ഞു.