മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. 11,12 ക്ലാസുകളിലെ കുട്ടികളാണ് മരിച്ചവര്‍. മരിച്ചവരെല്ലാം 16 വയസ്സുകാരാണെന്നും എട്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പൂനെയിലെ ആലണ്ടിയിലുള്ള സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. തന്മയ് ദത്താത്രേയ വാഹിലെ, സുമിത് ഭാരത് അഹിർ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വാസൻകർ, രാജ്‌വീർ യുവരാജ് വാഹിലെ, യാഷ് കിരൺ വാങ്കഡെ, സോഹം തുക്കാറാം ഭണ്ട്വാൾക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിവരാണ് മരിച്ചത്. വിനോദയാത്രയുടെ ഭാഗമായി ഏകദേശം 170 കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ബീച്ചിലെത്തിയത്.

 

25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമടക്കം 48 പേരടങ്ങുന്ന സംഘമാണ് വൈകിട്ട് 5.30ഓടെ ബീച്ചിൽ വിനോദയാത്രയ്ക്കെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ എട്ട് വിദ്യാർഥികൾ കടലിൽ ഇറങ്ങുകയായിരുന്നു. വെള്ളത്തിന്റെ ആഴവും കടലിലെ ശക്തമായ ഒഴുക്കും കൃത്യമായി മനസ്സിലാക്കാനാകാതെ വന്നതോടെ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

 

അപകടം ശ്രദ്ധയിൽപ്പെട്ടതോടെ ദിവേഗറിലെ 'ഭാവു മാരുതി സലുങ്കെ മഹാകാളി വാട്ടർ സ്പോർട്സ്' ഉടമ ഭാവു സലുങ്കെയും സംഘവും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് വാട്ടർ സ്പോർട്സ് സംഘം കടലിൽ തിരച്ചിൽ നടത്തിയത്. ഒടുവിൽ എട്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കടലിൽനിന്ന് പുറത്തെടുത്തു.

 

അപകടവിവരം ലഭിച്ചയുടൻ ദിഘി സാഗരി ബോർലി പഞ്ചതൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ (എപിഐ) സന്തോഷ് ആവാട്ടി സംഘത്തോടൊപ്പം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ പൊലീസ് ഏറ്റുവാങ്ങി. തുടർനടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി മൃതദേഹങ്ങൾ ബോർലി പഞ്ചതനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് (പിഎച്ച്സി) മാറ്റി.

 

സംഭവം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിലൂടെ പ്രതികരിച്ചു. മൃതദേഹങ്ങൾ ആലണ്ടിയിൽ എത്തിക്കുന്നതിനായി പ്രാദേശിക ഭരണകൂടം ഏകോപനത്തോടെ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

ENGLISH SUMMARY:

Eight students drowned in Maharashtra after being caught in a strong sea current at Diveagar beach. The group of students from a private coaching center in Pune were on a recreational trip to the popular tourist spot.