ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം ആന്‍സി സോജന് ഡല്‍ഹിയില്‍ വന്‍ വരവേല്‍പ്പ്. വിമാനത്താവളത്തില്‍ പാട്ടും മേളവുമായാണ് ആന്‍സിയെ സ്വീകരിച്ചത്. തന്റെ സ്റ്റൈലിനെ കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളോട് കൈകളിലെ വളകളും തലയിലണിഞ്ഞ ബാന്‍ഡുകളും കാണിച്ചായിരുന്നു താരത്തിന്റെ മറുപടി. തന്റെ സ്റ്റൈലില്‍ ആരും ഇടപെടേണ്ടെന്നും ഏറെ അധ്വാനിച്ചാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയതെന്നും വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും ആന്‍സി പറഞ്ഞു.

അഭിന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ മുടിപ്പിന്നുകളേയും കണ്ണെഴുത്തിനേയും ആഭരണങ്ങളേയും പരിഹസിച്ചുള്ള കമന്റുകള്‍ വന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്‍സി. ചേച്ചിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അവൾക്ക് പൂർണ്ണ അവകാശമുണ്ടെന്നായിരുന്നു സഹോദരി അഞ്ജലിയുടെ പ്രതികരണം. വിമർശനങ്ങൾ ചേച്ചിയെ ബാധിക്കില്ലെന്നും അഞ്ജലി കുറിച്ചു. ആൻസിയുടെ സ്റ്റൈലിനെയും മേക്കപ്പിനെയും ജീവിതരീതികളെയും അനാവശ്യമായി വിമർശിക്കുന്നവർ അവരുടെ കഠിനാധ്വാനവും നേട്ടങ്ങളും എന്തുകൊണ്ടാണ് കാണാതെ പോകുന്നതെന്ന് അഞ്ജലി ചോദിക്കുന്നു. 

ചേച്ചി ചെയ്യുന്ന കാര്യങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ഇത്തരം വിമർശനങ്ങൾ അവരുടെ കരിയറിനെയോ പ്രകടനത്തെയോ ഒരു രീതിയിലും നെഗറ്റീവ് ആയി ബാധിക്കില്ലെന്നും അഞ്ജലി കുറിച്ചു. അഞ്ജലിയുടെ കമന്‍റിന് മറുപടിയായി ആന്‍സിയും എത്തി. ‘അത് അത്രയേയുള്ളൂ’– എന്നായിരുന്നു ആന്‍സിയുടെ പ്രതികരണം. ആന്‍സിയെ പോലെ തന്നെ സഹോദരി അഞ‍്‍ജലിയും കായികതാരമാണ്.

ENGLISH SUMMARY:

Ancy Sojan, the Asian Games long jump silver medalist, received a grand welcome in Delhi, addressing criticism about her style with confidence and stating that her achievements are a result of hard work. She emphasized her right to express herself and urged that her dedication and success, rather than her personal choices, should be the focus.