തൃക്കരിപ്പൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പോര്‍വിളിയുമായി സിപിഎം – യുഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ വന്നതോടെ സ്ഥലത്ത് വന്‍സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മന്ത്രിയുടെ വാഹനം മുന്നോട്ടുപോകാന്‍ പറ്റാത്ത സ്ഥിതിയായി. മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ മന്ത്രിയെ പ്രവര്‍ത്തകര്‍ ചുമലിലേറ്റി പരിപാടി നടക്കുന്ന ഹാളിലെത്തിച്ചു. 

 

സി.പി.എം സമരത്തിനുപിന്നില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ആരോപിച്ചു. ക്രിമിനലുകളെ രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഗൂഢാലോചനയില്‍ സി.പി.എം നേതാക്കള്‍ക്കടക്കം പങ്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാന്‍ പറയുമ്പോള്‍ എസ്എഫ്ഐ കുപ്പി എറിയുന്നുവെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.

 

Also read: കോടിയേരിയുടെ ഫ്ലക്സ് വലിച്ച് കീറി എസ്എഫ്ഐ പ്രവര്‍ത്തകന്‍; വിഡിയോ

സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് മന്ത്രി ഒജെ ജനീഷിനെതിരായ ഡിവൈഎഫ്ഐ ആക്രമണമെന്ന് മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെയും വിമര്‍ശിച്ചു. ആക്രമണത്തിന് പിന്നില്‍ഗൂഢാലോചനയുണ്ട്. ഇതിന്  പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ക്രിമിനലുകളെയും ക്വട്ടേഷന്‍സംഘങ്ങളെയും അണിനിരത്തിയുള്ള അക്രമസമരത്തിന് സിപിഎം മുതിര്‍ന്നാല്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. തിരഞ്ഞെടുപ്പ് പരാജയം ഉണ്ടാക്കിയ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ സിപിഎം  കലാപം സൃഷ്ടിക്കുന്നു . പത്തുകൊല്ലം സിപിഎം സംസ്ഥാനത്തു നടത്തിയ ഗുണ്ടായിസം തുടരാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

 

തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ സംഘർഷത്തിന് തുടക്കം എസ്.എഫ്.ഐക്കാരുടെ കൂവലോടെയെന്നാണ് പോലീസ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസുകാർ കൊളുത്തിയ പന്തം ആളിക്കത്തിയതിൽ പരിഹസിച്ചായിരുന്നു കൂവൽ. എന്നാൽ പോലീസ് ഇടപെട്ട് പരിഹരിച്ച ഈ പ്രശ്നം വീണ്ടും രൂക്ഷമായത് എസ്.എഫ്.ഐക്കാർ വാഹനങ്ങൾ തകർത്തെന്ന യൂത്ത് കോൺഗ്രസുകാരുടെ വ്യാജ പ്രചാരണത്തോടെയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. സംഘർഷത്തിൽ എസ്.എഫ്.ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളെ അടക്കം ജാമ്യമില്ലാ കുറ്റത്തിൽ പ്രതി ചേർത്ത് പോലീസ് രണ്ട് കേസെടുത്തു.

 

തിരുവനന്തപുരത്തെ സംഘർഷം അവസാനിപ്പിക്കാന്‍ എം.എ.ബേബി അടിയന്തരമായി ഇടപെടണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്താണ് പ്രശ്നം, ആരുടെ നിർദ്ദേശപ്രകാരമാണ് എസ്.എഫ്.ഐ നടപടി എന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.

 

തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേര്‍ക്കുള്ള ആക്രമണം ആസൂത്രണം ചെയ്തത് ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിന്‍ സ്റ്റീഫന്‍ ഉള്‍പ്പടെ നാല് പ്രതികള്‍ ഒളിവിലെന്ന് പൊലീസ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കുപ്പിയെറിഞ്ഞവരെ തിരിച്ചറിയാനായില്ല. വാഹനത്തിലെത്തി കുപ്പിയെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

 

പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം ആക്രമിക്കുന്ന തലത്തിലേക്ക് തലസ്ഥാനത്തെ രാഷ്ട്രീയ വൈരാഗ്യം തരംതാണിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസാണെങ്കില്‍ ഇന്നലെ രാത്രി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി. 

 

ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിന്‍ സ്റ്റീഫന്‍റെ നേതൃത്വത്തിലാണ് ഡി.സി.സി ഓഫീസ് ആക്രമണത്തിന്‍റെ ആസൂത്രണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മന്ത്രി ഒജെ ജനീഷിനെ തടയുന്നതിനെ ചൊല്ലി നെയ്യാറ്റിന്‍കരയിലുണ്ടായ സംഘര്‍ഷത്തിന്‍റെ പ്രതികാരമായിരുന്നു ആക്രമണം. അഞ്ച് പേരടങ്ങുന്ന അക്രമിസംഘം സ്റ്റെഫിന്‍റെ കാറിലും സ്കൂട്ടറിലുമായി കരമനയിലെത്തി. അതിന് ശേഷം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രദീപും ശ്രീലാലും സ്കൂട്ടറില്‍ ഡി.സി.സി ഓഫീസിലെത്തി കല്ലെറിഞ്ഞു. തിരിച്ച് കരമനയിലെത്തിയ അക്രമികള്‍ കാറിലും സ്കൂട്ടറിലുമായി ഒളിവില്‍ പോയെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതില്‍ ആറാലംമൂട് സ്വദേശി അഖില്‍ ഒഴികെ മറ്റാരും പിടിയിലായിട്ടില്ല. 

 

തലസ്ഥാനത്ത് എസ്.എഫ്.ഐ–യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് ബൈക്കിലും കാറിലുമായെത്തിയവര്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കുപ്പികള്‍ വലിച്ചെറിഞ്ഞത്. പൊലീസ് നോക്കി നില്‍ക്കെയുള്ള ആക്രമണത്തില്‍ കേസെടുത്തെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ പി.കെ.കൃഷ്ണദാസിന്‍റെ കാര്‍ ആക്രമിച്ച കേസിലും പ്രതികളെ പിടിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചുള്ള ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും നേരിയ സംഘര്‍ഷമുണ്ടായി

 

കൊല്ലത്ത് കേന്ദ്രമന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതും പകരം വീട്ടാനായി മന്ത്രിമാര്‍ക്ക് നേരെ യുവമോര്‍ച്ച നടത്തുന്ന വഴിതടയല്‍ സമരവുമാണ് ആക്രമണങ്ങള്‍ക്ക് കാരണം. അതുകൊണ്ട് തന്നെ ഇനിയും ആക്രമണ സാധ്യതയെന്ന വിലയിരുത്തലില്‍ തലസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്കെല്ലാം സുരക്ഷ കൂട്ടിയിട്ടുണ്ട്.

 

ഇതിനിടെ മന്ത്രി കെ.എം.ഷാജിയുടെ വാഹനം തടഞ്ഞ് കൊടികെട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ മന്ത്രിയുടെ വാഹനം പത്ത് മിനിറ്റിലേറെ തടഞ്ഞിട്ടത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തല്‍. കെ.എം.ഷാജി ആഢംബര വാഹനത്തില്‍ പോകുന്നയാളാണല്ലോ ഇടയ്ക്കൊക്കെ സാധാരണക്കാരുടെ വാഹനത്തിലും പോകുന്നത് നല്ലതാണെന്നും അമിത് ഷായെ തടഞ്ഞിട്ട് ഇവിടെ എന്ത് നടപടിയുണ്ടായെന്നും ബി.ജെ.പി നേതൃത്വത്തിന്‍റെ പരിഹാസം.

 

വാഹനം തടഞ്ഞ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി സെക്രട്ടേറിയറ്റില്‍ നിന്നും മടങ്ങുന്നതിന് അകമ്പടി വാഹനം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് സുരക്ഷാ വീഴ്ചയില്‍ പൊലീസ് വിശദീകരണം. തന്‍റെ വാഹനം തടഞ്ഞ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നാണ് മന്ത്രി കെ.എം ഷാജിയുടെ നിലപാട്. 

 

തെരുവില്‍ മന്ത്രിമാർക്കെതിരായ പ്രതിഷേധത്തില്‍ ഡി.ജി.പിക്ക് കർശന നടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നല്‍കി . തളിപ്പറമ്പില്‍ മന്ത്രി ഒ.ജെ ജനീഷിനെതിരായ അക്രമത്തിന്‍റെ പശ്‌ചാത്തലത്തിലാണ് നിര്‍ദേശം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനീഷുമായി ഫോണിൽ സംസാരിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on significant political clashes in Kerala, where Minister OJ Janeesh's car was blocked by DYFI activists in Thrikkarippur, leading to a major confrontation between UDF and CPM supporters. This incident is part of a series of escalating political tensions across the state, involving various party offices and protests.