കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിന്റെ രഹസ്യ ബന്ധം ഭാര്യ കയ്യോടെ പൊക്കിയത് ഒരു പ്ലേറ്റ് 'ചോള ബട്ടൂര'യിലൂടെ! ഉത്തർപ്രദേശിലെ ഹാപ്പൂറിലാണ് സിനിമാക്കഥകളെ പോലും വെല്ലുന്ന നാടകീയ സംഭവം അരങ്ങേറിയത്. ഓഫിസ് ആവശ്യത്തിനെന്ന് പറഞ്ഞ് പോയ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. ഭർത്താവിന്റെ ഈ കള്ളത്തരം പുറത്തുകൊണ്ടുവരാൻ ഭാര്യ ഉപയോഗിച്ചത് സ്മാർട്ട്ഫോണോ ജിപിഎസോ ഒന്നുമല്ല, ഭക്ഷണത്തിന്‍റെ ബില്ലും യുപിഐ നോട്ടിഫിക്കഷനും മാത്രമാണ്. ഗർമുക്തേശ്വർ സ്വദേശിയായ അജയ്‌യുടെ കള്ളക്കള്ളിയാണ് ഭാര്യ കവിത കയ്യോടെ പൊക്കിയത്.

ഡൽഹിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അജയ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഉച്ചയോടെ ഹാപൂറിലെ പ്രശസ്തമായ റെസ്റ്റോറന്റിൽ നിന്ന് ചോള ബട്ടൂര വാങ്ങിയതിന്റെ യുപിഐ നോട്ടിഫിക്കേഷൻ ഫോണിൽ വന്നു. രണ്ട് പ്ലേറ്റ് ചോള ബട്ടൂരെയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. ഒറ്റയ്ക്ക് പുറത്തേക്ക് പോയ അജയ് ഒരാൾക്ക് കഴിക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം ഓർഡർ ചെയ്തത് കണ്ടതോടെയാണ് ഭർത്താവ് തനിച്ചല്ലെന്ന സംശയം കവിതയ്ക്ക് ശക്തമായത്.

സംശയം തോന്നിയ ഭാര്യ ഉടൻ തന്നെ ബന്ധുക്കളെയും കൂട്ടി ബാങ്ക് മെസ്സേജിൽ കണ്ട ലൊക്കേഷനിലേക്ക് എത്തി. അവിടെ വെച്ച് മറ്റൊരു സ്ത്രീയോടൊപ്പം ആസ്വദിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന ഭർത്താവിനെയാണ് കണ്ടത്. പിന്നാലെ ഭാര്യ ഭര്‍ത്താവിനെ കൈയോടെ പിടികൂടുകയും ചെയ്തു. തുടർന്ന് സ്ഥലത്തു വെച്ച് കവിതയും ബന്ധുക്കളും അജയ്‌യേയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും ചോദ്യം ചെയ്യുകയും ബഹളവും തര്‍ക്കങ്ങളും ഉണ്ടാകുകയും ചെയ്തു.

നഗരമധ്യത്തിലെ തര്‍ക്കത്തെ കുറിച്ച് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി. തന്‍റെ ഭർത്താവും കാമുകിയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും തന്നോട് കള്ളം പറഞ്ഞാണ് ഇയാൾ പലപ്പോഴും പുറത്തുപോയിരുന്നതെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്ലേറ്റ് ഭക്ഷണം അധികം ഓര്‍ഡര്‍ ചെയ്തതിന്‍റെ പേരിൽ ഭർത്താവിന്റെ രഹസ്യ ബന്ധം പുറത്തായ സംഭവം സോഷ്യൽ മീഡിയയിലും വലിയ രീതിയില്‍ ചർച്ചയായിക്കഴിഞ്ഞു.

ENGLISH SUMMARY:

A man in Hapur, Uttar Pradesh, was caught cheating on his wife after ordering an extra plate of chole bhature. The husband, identified as Ajay, left home claiming he was heading to Delhi for official work, but his wife Kavita grew suspicious when she received a UPI payment notification from a restaurant in Hapur. Noticing that two plates of chole bhature were ordered instead of one, Kavita tracked down the restaurant's location using the transaction details along with her relatives. She caught her husband red-handed dining with another woman, leading to a public confrontation before police intervened and initiated an investigation.