nidhi-tiwari

Instagram image

TOPICS COVERED

സമൂഹമാധ്യമങ്ങളില്‍ 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി ജീവനൊടുക്കി. 30 വയസ്സായിരുന്നു. ശനിയാഴ്ച ഭുസ മോഡിലുള്ള വീട്ടിലാണ് നിധിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

 

ശനിയാഴ്ച വൈകുന്നേരം നിധി ഫോണിൽ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, മരണത്തിന് മുമ്പുള്ള സംഭാഷണങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മരണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് നിഗമനങ്ങളിൽ എത്തരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

 

കോൾ റെക്കോർഡുകൾ, ഡിജിറ്റൽ പ്രവർത്തനങ്ങൾ, മറ്റ് പ്രസക്തമായ തെളിവുകൾ എന്നിവ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. നിധിയുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മോർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ് വിശദീകരിച്ചു.

 

ഫേസ്ബുക്കിൽ ഏകദേശം 9 ലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റഗ്രാമിൽ 7 ലക്ഷത്തോളം ഫോളോവേഴ്‌സുമുണ്ടായിരുന്ന നിധി, വിന്ധ്യ അറിയപ്പെടുന്ന പ്രമുഖ സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. പോസ്റ്റുകൾക്ക് പതിവായി ആയിരക്കണക്കിന് പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ഉണ്ടായിരുന്നു. 2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ പട്ടം നേടിയ നിധി, തുടർന്ന് മോഡലിങ്, അഭിനയ മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു.

 

അഭിനയത്തിലും സിനിമാ മേഖലയിലും കരിയർ നേടാനായിരുന്നു നിധിയുടെ ആഗ്രഹമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മോഡലിങ്, വിവിധ പരിപാടികൾ, ഡിജിറ്റൽ കണ്ടന്റ് എന്നിവയിൽ സജീവമായിരുന്ന അവർ, സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പ്രൊഫൈൽ വളർത്തുകയും കരിയർ ലക്ഷ്യങ്ങൾ പിന്തുടരുകയും ചെയ്തത്. നിധിയുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ വലിയ ദുഃഖത്തിനിടയാക്കി. ഫോളോവേഴ്സിന്റെ ആയിരക്കണക്കിന് അനുശോചന സന്ദേശങ്ങളാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്. 

 

ENGLISH SUMMARY:

Social media influencer Nidhi Tiwari's death has sent shockwaves online, with police investigating the circumstances surrounding her apparent suicide. The 30-year-old, who had a substantial following on platforms like Facebook and Instagram, was found deceased at her home, sparking widespread grief and speculation among her fans.