പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ബിഹാറിലെ മുസഫർപൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി പണം തട്ടിയതായി പരാതി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സായുധ സേനയായ സശസ്ത്ര സീമാബലിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍ക്കും കൂട്ടാളിക്കുമെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. മുസഫർപൂരിലെ എസ്‌കെഎംസിഎച്ച് സെക്ടർ ഹെഡ്‌ക്വാർട്ടേഴ്‌സിൽ സേവനമനുഷ്ഠിക്കുന്ന എഎസ്ഐ വികാസ് കുമാറിനും ഇയാളുടെ സുഹൃത്തിനുമെതിരെയാണ് പരാതി. അതേസമയം, ഇതേ ഉദ്യോഗസ്ഥനെതിരെ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ അന്വേഷണ സമിതിയെ എസ്എസ്ബി നിയോഗിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് വികാസ് കുമാർ ഇൻഫ്ലുവൻസറായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാമെന്നും പോസ്റ്റുകൾ വൈറലാക്കാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ മുസഫർപൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 2025 ഡിസംബറിലാണ് തന്റെ രണ്ട് വയസ്സുള്ള മകനൊപ്പം യുവതി മുസഫർപൂരിലെത്തിയത്. സ്റ്റേഷൻ റോഡിന് സമീപമുള്ള ഒരു ഹോട്ടലിലാണ് ഇവർക്ക് മുറിയെടുത്ത് നൽകിയിരുന്നത്.

എന്നാല്‍, ഹോട്ടൽ മുറിയിൽ വെച്ച് വികാസിന്റെ കൂട്ടാളി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ ഇവർ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. തുടർന്ന് ഡൽഹിയിലെത്തിയ യുവതി എസ്എസ്ബി ഹെഡ്‌ക്വാർട്ടേഴ്‌സിൽ ഓൺലൈനായി പരാതി നൽകി. എന്നാൽ വീണ്ടും മുസഫർപൂരിലെത്തിയപ്പോൾ മൊഴി മാറ്റാനും പരാതി പിൻവലിക്കാനും എഎസ്ഐ തങ്ങളെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

ഡൽഹി സ്വദേശിനിക്ക് പുറമെ ലഖ്‌നൗവിൽ നിന്നുള്ള മറ്റ് രണ്ട് സ്ത്രീകളും എഎസ്ഐ വികാസ് കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് മുസഫർപൂർ പൊലീസ് അറിയിച്ചു. വിഷയത്തിൽ സ്വമേധയാ കേസ് എടുത്തതായി എസ്എസ്ബി സെക്ടർ ഹെഡ്‌ക്വാർട്ടേഴ്‌സ് സെക്കൻഡ് ഇൻ കമാൻഡ് രജ്‌നീഷ് കുമാർ മൊറാൽ വ്യക്തമാക്കി. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും തെളിവുകൾ ശേഖരിച്ച ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY:

A social media influencer was allegedly raped, filmed, and extorted in Muzaffarpur, Bihar, by an accomplice of an Assistant Sub-Inspector serving in the Sashastra Seema Bal. The accused official, ASI Vikas Kumar, had lured the victim and her toddler from Delhi under the pretext of boosting her social media follower count. Following her complaint, two more women from Lucknow came forward accusing the same officer of sending obscene messages through social media platforms. The SSB has constituted a three-member committee to investigate the matter while local police are proceeding to file a formal FIR.