പഞ്ചാബി ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. മൻജീതിനെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മൻജീത് മരണത്തിന് കീഴടങ്ങിയത്. ജൂലൈ നാലിനായിരുന്നു മൻജീതിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
കേസിലെ പ്രധാന പ്രതി പരമീന്ദർ സിങ് എന്ന ‘പിണ്ഡ’യാണ് അറസ്റ്റിലായത്. ചണ്ഡീഗഢ് സെക്ടർ 34 പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പിണ്ഡ, മൻജീതിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നെന്ന് സമ്മതിച്ചു. എന്നാൽ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് പിണ്ഡയുടെ വാദം. ഫോൺ റെക്കോർഡുകൾ പരിശോധിച്ചും ടവർ ലൊക്കേഷൻ പിന്തുടർന്നുമാണ് കൊലപാതകത്തിൽ പിണ്ഡയ്ക്കുള്ള പങ്ക് പൊലീസ് കണ്ടെത്തിയത്.
‘പിരിയഡ്സിനിടെ സെക്സ് വേണം’ കാമുകന്‍റെ ഭീഷണി; കാമുകന്‍റെ നെഞ്ചില്‍ 28 തവണ കത്തികൊണ്ട് കുത്തി കാമുകി...
പൊലീസ് റിപ്പോർട്ട് പ്രകാരം മൻജീതിനെ പിണ്ഡ സെക്ടർ 34ലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് നാലുപേർ ചേർന്ന് മൻജീതിനെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് വിജനമായ പ്രദേശത്ത് എത്തിച്ച് മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നു. സംഘം അവിടെനിന്ന് പിരിഞ്ഞുപോയതിന് പിന്നാലെ ഇവരിലൊരാൾ മടങ്ങിയെത്തി കമ്പിളിപ്പുതപ്പുകൊണ്ട് മൻജീതിനെ മൂടി തീ അണയ്ക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചു.
പല ആശുപത്രികളിലായി മൻജീതിന്റെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഓഗസ്റ്റ് 26ന് മരിച്ചു. എന്നാൽ മരണശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മൻജീത് ഏഴാഴ്ച ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയത്.
പിടിയിലായ പിണ്ഡയുടെ മൊഴിപ്രകാരം, തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് പിണ്ഡയുടേതാണെന്ന് മൻജീത് ഇയാളോട് പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞ് തന്റേതല്ലെന്ന് പിണ്ഡ വാദിച്ചു. ഇതായിരിക്കാം കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പൊലീസിന്റെ നിഗമനം.