• ബംഗാളില്‍ അക്രമരഹിതമായ നിയമസഭാ തിരഞ്ഞെടുപ്പ് ഉറപ്പാക്കിയതിനും അനധികൃതമായി സംസ്ഥാനത്തുള്ള ബംഗ്ലദേശികളെ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ചതിനും ഗ്യാനേഷ് കുമാറിനോട് കുറഞ്ഞപക്ഷം അതെങ്കിലും ചെയ്യണമെന്നും സമീക് ഭട്ടാചാര്യ

വിവാദങ്ങള്‍ക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് രാജ്യം പത്മഭൂഷൺ നല്‍കി ആദരിക്കണമെന്ന ആവശ്യവുമായി ബംഗാൾ ബിജെപി അധ്യക്ഷൻ സമീക് ഭട്ടാചാര്യ. ബംഗാളില്‍ അക്രമരഹിതമായ നിയമസഭാ തിരഞ്ഞെടുപ്പ് ഉറപ്പാക്കിയതിനും അനധികൃതമായി സംസ്ഥാനത്തുള്ള ബംഗ്ലദേശികളെ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ചതിനും ഗ്യാനേഷ് കുമാറിനോട് കുറഞ്ഞപക്ഷം അതെങ്കിലും ചെയ്യണമെന്നും സമീക് ഭട്ടാചാര്യ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലാണ് പ്രതിരോധവുമായി ബിജെപി അധ്യക്ഷൻ രംഗത്തെത്തിയത്.

കമ്മിഷനിലെ മറ്റ് രണ്ട് അംഗങ്ങൾ എസ്ഐആര്‍ നടപടികളിൽ എതിർപ്പ് അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളെ തള്ളിക്കളയുന്നതായും കോൺഗ്രസ് പോലും രാഹുലിന്‍റെ വാക്കുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും സമീക് ഭട്ടാചാര്യ പരിഹസിച്ചു.

ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഗ്യാനേഷ് കുമാർ മുൻകൈയെടുത്തെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനം ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞതവണ നടന്നതെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ ഗ്യാനേഷ് കുമാറിനോട് നന്ദിയുള്ളവരാണ്. അവര്‍ അദ്ദേഹത്തെ പൂർണഹൃദയത്തോടെ അനുഗ്രഹിച്ചുവെന്നും സമീക് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ജന്തര്‍മന്തറില്‍ കോണ്‍ഗ്രസും വിവിധ വിദ്യാര്‍ഥി – സന്നദ്ധസംഘടനകളും നടത്തിയ പ്രതിഷേധത്തില്‍ വീണ്ടും പൊലീസ് നടപടിയുണ്ടായി. ഗ്യാനേഷ് കുമാറിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടുവെട്ടല്‍ ആരോപണത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്താനുള്ള സ്പെഷ്യല്‍ സമ്മറി റിവിഷന്‍ നടത്താനാണ് നീക്കം. എന്നാല്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് നീക്കം തുടങ്ങി. ആരോപണങ്ങൾക്ക് കമ്മിഷൻ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാനും ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Chief Election Commissioner Gyanesh Kumar is at the center of a debate, with the West Bengal BJP chief advocating for him to be awarded the Padmabhushan for ensuring peaceful elections and purifying the voter list. This comes amid nationwide protests demanding his resignation.