ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ തലസ്ഥാനത്തെത്തിയതോടെ സമാനതകളില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടങ്ങുന്ന ആഗോള നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂന്ന് ലെയറുകളായുള്ള അതിശക്തമായ സുരക്ഷാ കവചമാണ് തീർത്തിരിക്കുന്നത്. ഡൽഹിയിലെ 11 പ്രമുഖ ഹോട്ടലുകളും 35 പ്രധാന റോഡുകളും പൂർണ്ണമായും വിഐപി സുരക്ഷയിലാണ്. നാഷണൽ സെക്യൂരിറ്റി ഗാർഡ്, വിദേശ സുരക്ഷാ ഏജൻസികൾ, ആന്റി സാബോലേജ് യൂണിറ്റുകൾ, ഡൽഹി പലീസ് സ്പെഷൽ സെൽ എന്നിവര്‍ സംയുക്തമായാണ് സുരക്ഷ നിയന്ത്രിക്കുന്നത്. വിവിധ രാജ്യങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനമാണ് ബ്രിക്സ് ഉച്ചകോടിയെ വേറിട്ടുനിർത്തുന്നത്.
പുടിന്റെ സഞ്ചരിക്കുന്ന കോട്ട
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്‍റെ സുരക്ഷാ സംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹം യാത്ര ചെയ്യുന്ന കൂറ്റൻ ഔറസ് സെനറ്റ് ആണ്. റഷ്യയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ കാറാണിത്. റഷ്യയിലും വിദേശത്തുമുള്ള ഔദ്യോഗിക സന്ദർശനങ്ങളിൽ റഷ്യൻ പ്രസിഡന്റ് ഉപയോഗിക്കുന്നത് ഈ വാഹനമാണ്. സുദൃഢമായ ബോഡി കാരണം ഈ വാഹനത്തെ ‘ചലിക്കുന്ന ബങ്കർ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്നലെ ഭാരത് മണ്ഡപത്തിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയും അദ്ദേഹത്തോടൊപ്പം ഈ കാറിൽ യാത്ര ചെയ്തിരുന്നു.
പുട്ടിന്റെ വ്യക്തിഗത സുരക്ഷ കൈകാര്യം ചെയ്യുന്നതാകട്ടെ റഷ്യയുടെ ഫെഡറൽ ഗാർഡ് സർവീസ് ആണ്. റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പുട്ടിൻ എത്തുന്നതിന് മുമ്പ് തന്നെ ഡൽഹിയിലെത്തുകയും അദ്ദേഹം തങ്ങുന്ന ഹോട്ടലിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഈ സുരക്ഷയ്ക്ക് പുറമെ മുതിർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബഹുതല സുരക്ഷാ സംവിധാനമാണ് ഇന്ത്യ ഒരുക്കിയത്. പുട്ടിന്‍റെ ടോയ്ലറ്റ് വേസ്റ്റടക്കം സുരക്ഷയുടെ ഭാഗമായി തിരികെ കൊണ്ടുപോകും.
ഷീ ചിൻപിങ്ങിന്റെ ‘ഹോങ്ചീ’
ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങിന്‍റെ വരവിന് മുമ്പ് തന്നെ ചൈനീസ് സുരക്ഷാ സംഘം ഡൽഹിയിലെത്തുകയും അദ്ദേഹം തങ്ങുന്ന ഹോട്ടലിൽ നിലയുറപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് തങ്ങുന്ന ഹോട്ടലിന്‍റെ താഴത്തെ നില മുതല്‍ മേല്‍ക്കൂരയില്‍ വരെ സുരക്ഷാ വിന്യാസമുണ്ട്. ഇന്ത്യൻ ഭാഗത്ത് നിന്ന് ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലിനാണ് ഷീയുടെ സുരക്ഷാ ചുമതല. അദ്ദേഹത്തിന്റെ ഹോട്ടലിന് ചുറ്റും താൽക്കാലിക നോ-ഫ്ലൈ സോൺ പ്രഖ്യാപിക്കുകയും കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ ഭീഷണികൾ ഇല്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകൾ നടത്തുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഉപയോഗിക്കുന്നത് ചൈനയുടെ സ്വന്തം 'ഹോങ്ഖി' കാറുകളാണ്. ഈ സന്ദർശനത്തിനായി 'Hongqi N701' എന്ന കവചിത ലിമോസിനാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
മോദിയുടെ എസ്‌പിജി കവചം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത സുരക്ഷയുടെ കേന്ദ്രബിന്ദു സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് (SPG). മെഴ്സിഡീസ് മെയ്ബാ എസ്650 ഗാർഡ് വാഹനമാണ് മോദി ഉപയോഗിക്കുന്നത്. കൂടാതെ ഔദ്യോഗിക ആവശ്യങ്ങൾക്കായി റേഞ്ച് റോവർ സെന്റിനലും ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ റേറ്റിങ്ങായ വിആർ10 ബാലിസ്റ്റിക് പ്രൊട്ടക്‌ഷനുള്ളതാണ് മോദിയുടെ വാഹനം. വെടിയുണ്ടകളേയും ബോംബ് ആക്രമണത്തേയും ഇതിനു തടയാനാകും. വാഹനത്തിന്റെ 2 മീറ്റർ ദൂരത്തിൽ വരെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയാലും ഉള്ളിലുള്ള യാത്രക്കാരെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കാറിനാകും. രാസായുധ ആക്രമണങ്ങളുണ്ടായാൽ ഓക്സിജൻ നൽകുന്ന സംവിധാനവും നീളം കൂടിയ സീറ്റുകള്‍, മസാജിങ് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്. ഡൽഹി പൊലീസ്, ഇന്റലിജൻസ്, മറ്റ് പ്രത്യേക സുരക്ഷാ ഏജൻസികൾ എന്നിവരുമായി ചേർന്നാണ് എസ്പിജി പ്രവര്‍ത്തിക്കുന്നത്.
11 ഹോട്ടലുകൾ, 35 പാതകൾ, ഡൽഹിയിലുടനീളം സുരക്ഷാ മാപ്പ്
ഭാരത് മണ്ഡപത്തിൽ മാത്രം ഒതുങ്ങുന്നില്ല ഈ സുരക്ഷ. നേതാക്കളുമായി ബന്ധപ്പെട്ട 11 ഹോട്ടലുകളിലും 35 പ്രധാന പാതകളിലും കര്‍ശന സുരക്ഷയാണ്. ഹോട്ടൽ ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുകയും ഡ്രോണ്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭാരത് മണ്ഡപത്തിലും ഹോട്ടലുകളിലും പരിശോധനയ്ക്കായി നൂറിലധികം സ്നിപ്പർ നായ്ക്കളെ ഡൽഹി പൊലീസ് വിന്യസിച്ചിട്ടുണ്ട്. ഡൽഹിയുടെ വ്യോമാതിർത്തിയിൽ കര്‍ശനമായ നിരീക്ഷണമുണ്ട്.