ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ നയതന്ത്രപരവും സാമ്പത്തികവുമായ വന്‍ നേട്ടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോക ശക്തികൾക്കിടയിൽ സമവായം ഉണ്ടാക്കുന്നതിൽ പങ്ക് ഉറപ്പിക്കാനും ആഗോളതലത്തിൽ സ്വാധീനം ഉയർത്താനും ബ്രിക്സ് ഗുണം ചെയ്യും. വന്‍ വിപണികളിലേക്കുള്ള പ്രവേശനവും കുറഞ്ഞ നിരക്കിലുള്ള വായ്പകളും രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്കും നേട്ടമാകും.
സുസ്ഥിര വികസനം, ഭീകരവാദത്തിനെതിരെയുള്ള രാജ്യാന്തര സഹകരണം, ഡിജിറ്റൽ രംഗത്തെ വികസനം തുടങ്ങിയവ ചർച്ചയാകുന്ന ഉച്ചകോടിയിലുണ്ടാവുന്ന ധാരണകളുടെ പ്രധാന ഗുണഭോക്താവും ഇന്ത്യയാകും. ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ വ്യാപാര-പ്രതിരോധ രംഗത്ത് നിർണായകമാണ്. പ്രതിരോധരംഗം ശക്തിപ്പെടുത്താന്‍ റഷ്യയുമായുള്ള സഹകരണം സഹായിക്കും. ചൈന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങി ലോകത്തെ വന്‍ വിപണികളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവേശനം എളുപ്പമാകും.
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ബ്രിക്സ് ബിസിനസ് ഫോറത്തില്‍ തുടക്കമിട്ടുകഴിഞ്ഞു. ബ്രിക്സ് രാജ്യങ്ങള്‍ രൂപീകരിച്ച ന്യൂ ഡെവലപ്മെന്‍റ് ബാങ്കില്‍ നിന്നുള്ള വായ്പകളും രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. അംഗ രാജ്യങ്ങള്‍ക്കും, ബ്രിക്സിലേക്ക് പുതുതായെത്തിയ വികസ്വര രാജ്യങ്ങൾക്കുമിടയിൽ പാലമായി പ്രവർത്തിച്ച് ഗ്ലോബൽ സൗത്തിന്‍റെ നേതൃനിരയിലേക്കുയരാന്‍ ആതിഥേയത്വം ഇന്ത്യക്ക് മുതല്‍ക്കുട്ടാകുന്നു.
ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളുടെയും ലോജിസ്റ്റിക്സ് മികവിന്‍റെയും കരുത്തും ലോകത്തിന് മുന്നിൽ തെളിയിക്കാനാകും. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനും ഉച്ചകോടി സഹായകമാണ്.