കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സോനം വാങ്‌ചുക്. അവര്‍ വിശുദ്ധന്മാരല്ലെന്നും ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിലൂടെയാണ് തനിക്ക് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് തെറ്റായ കാര്യമല്ലെന്നും വാങ്‌ചുക് കൂട്ടിച്ചേര്‍ത്തു. പ്രഖർ ഗുപ്തയുമായുള്ള പോഡ്‌കാസ്റ്റിലാണ് വാങ്‌ചുക് തന്‍റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
സിജെപി സ്ഥാപകർ സ്വാർഥ താൽപ്പര്യങ്ങളില്ലാത്ത വിശുദ്ധരൊന്നുമല്ലെന്നാണ് വാങ്‌ചുക് പറഞ്ഞത്. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും കൂടുതൽ ചെറുപ്പക്കാർ സ്വന്തമായി പാർട്ടി രൂപീകരിച്ചോ അല്ലാതെയോ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ മാസങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ സിജെപിക്കൊപ്പം താൻ പങ്കെടുത്തിരുന്നു. സമരവേദി ബിജെപി, കോൺഗ്രസ്, എഎപി തുടങ്ങിയ ഏതെങ്കിലും പ്രത്യേക പാർട്ടിയുടേതായി മാറ്റരുതെന്നും, രാഷ്ട്രീയ നിഷ്പക്ഷത പാലിക്കുന്ന ഗ്രൂപ്പായി നിലനിർത്തണമെന്നും താൻ നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘അവർ അത് അങ്ങനെ തന്നെ നിലനിർത്തിയത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. രാഷ്ട്രീയ അഭിലാഷങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. അത്തരം വിഷയങ്ങൾ ഏറ്റെടുത്താണ് നിങ്ങൾ നിങ്ങളുടെ കരിയർ ആരംഭിക്കുന്നതെങ്കിൽ, അത് നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു’– അദ്ദേഹം പറഞ്ഞു. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നപ്പോഴും തനിക്കതിൽ പ്രശ്നം തോന്നിയില്ലെന്ന് വാങ്‌ചുക് പറഞ്ഞു. മുൻകാലങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നത് ഭാവിയിലെ പ്രവർത്തനങ്ങൾക്ക് തടസ്സമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആമിര്‍ഖാനും സല്‍മാന്‍ ഖാനും മറുപടി!
'3 ഈഡിയറ്റ്‌സ്' സിനിമയിലെ കഥാപാത്രമായ ഫുൻസുഖ് വാങ്ഡുവിന് (റാഞ്ചോ) അടിസ്ഥാനം താനല്ലെന്ന ബോളിവുഡ് താരം ആമിർ ഖാന്റെ പ്രസ്താവനയ്ക്കും അദ്ദേഹം പരിഹാസരൂപേണ മറുപടി നല്‍കി. സിനിമ ഷൂട്ട് ചെയ്യുമ്പോൾ വാങ്‌ചുകിനെ കുറിച്ച് തനിക്കോ ചിത്രത്തിന്റെ എഴുത്തുകാർക്കോ അറിയില്ലായിരുന്നുവെന്നാണ് ആമിർ മുൻപ് പറഞ്ഞത്. എന്നാല്‍ ഞങ്ങൾ മുൻപ് കണ്ടിട്ടേയില്ലെന്ന് ആമിർ പറയുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നില്ലെന്നായിരുന്നു വാങ്ചുക്കിന്‍റെ മറുപടി. ‘ആമിര്‍ 'ഗജിനി' വേഷത്തിൽ എന്റെ ഒരു പ്രസംഗം കാണുന്ന പഴയ വിഡിയോകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരുപക്ഷേ അന്ന് ആ ഗെറ്റപ്പിൽ ആയിരുന്നതുകൊണ്ട് 15 മിനിറ്റിൽ കാര്യങ്ങൾ മറന്നുപോകുന്ന 'ഷോർട്ട് ടേം മെമ്മറി ലോസ്' സംഭവിച്ചതാകാം. അതിനാലാവും അദ്ദേഹം ആ കൂടിക്കാഴ്ച മറന്നത്’ വാങ്‌ചുക് പറഞ്ഞു. തങ്ങൾ വെറുതെ പരിചയപ്പെടുക മാത്രമല്ല ചെയ്തതെന്നും ഒന്നിച്ച് ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കുകയും നിരവധി ആശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും വാങ്‌ചുക് വ്യക്തമാക്കി. അതേസമയം, സിനിമയ്ക്ക് താൻ പ്രചോദനമായിട്ടുണ്ടാകാമെങ്കിലും റാഞ്ചോ എന്ന കഥാപാത്രം താൻ തന്നെയാണെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരാഹാര സമരത്തിനിടെ ബോളിവുഡ് താരം സൽമാൻ ഖാൻ നടത്തിയ !സോനം, ഇത് അവസാനിപ്പിക്കൂ ഭായ്’ എന്ന പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. ഓരോരുത്തർക്കും അവരുടേതായ പരിമിതികളും ബാധ്യതകളും ഉണ്ടാകുമെന്നും എന്നാൽ വിദ്യാർഥികൾക്കായി സൽമാൻ സംസാരിച്ചതിനെ താൻ ബഹുമാനിക്കുന്നുവെന്നും വാങ്‌ചുക് പറഞ്ഞു. ‘അദ്ദേഹം എന്തിനെക്കുറിച്ച് സംസാരിച്ചു എന്നതിനെ ഞാൻ ബഹുമാനിക്കുന്നു, ബാക്കി കാര്യങ്ങൾ അദ്ദേഹത്തിന്റെ പരിമിതികളാവാം’– വാങ്ചുക്ക് പറഞ്ഞു.