കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. സെപ്റ്റംബർ അഞ്ചിന് സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിജെപി നേതൃത്വം അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിച്ച് പുതിയ ഡൽഹി പൊലീസ് ആസ്ഥാനം വരെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ജൂലൈ 20ന് നടന്ന സംസദ് ചലോ മാർച്ചിൽ പൊലീസ് മർദനത്തിന് ഇരയായവരും മരിച്ച നീറ്റ് പരീക്ഷാർത്ഥികളുടെ കുടുംബങ്ങളും ചേർന്നാണ് ഈ മാർച്ച് നയിക്കുക. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധ മാർച്ചിൽ പങ്കാളികളാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
സിജെപിയുടെ സമരത്തിന് പിന്നാലെ പ്രതിഷേധിച്ചവരുടെ പേരിൽ എടുത്ത കേസുകൾ ഉൾപ്പെടെയുള്ളവ നീക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പല വാഗ്ദാനങ്ങളും കേന്ദ്രം പാലിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടയിലാണ് വീണ്ടും തെരുവിലിറങ്ങാൻ കോക്രോച്ച് ജനതാ പാർട്ടി തീരുമാനിക്കുന്നത്.
അതേസമയം ജൂലൈ 20ലെ പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് വെടിവയ്പ്പിൽ പരിക്കേറ്റ യുവാവിന്‍റെ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പൊലീസ് നടപടിയിൽ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധത്തിനൊടുവിലാണ് ഗത്യന്തരമില്ലാതെ പൊലീസ് എഫ്ഐആര്‍ ഇട്ടത്. എന്നാല്‍ ആരുടെയും പേര് പ്രതിസ്ഥാനത്ത് ചേര്‍ക്കാതെയാണ് എഫ്ഐആര്‍. അഞ്ചു മണിക്കൂറാണ് രാഹുല്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.