ചിത്രം: ANI
അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചതിന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ മഹാരാഷ്ട്രയിൽ കേസ്. ലാത്തൂരിലാണ് അഭിജിത്തിനും സംഘത്തിനുമെതിരെ കേസെടുത്തത്. ജവാലിയിലെ ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി സി.ജെ.പി നടപ്പിലാക്കുന്ന 'സ്കൂൾ തിക് കരോ' കാമ്പെയ്‌ന്റെ ഭാഗമായായിരുന്നു അഭിജിതിന്‍റെ സന്ദര്‍ശനം. മഹാരാഷ്ട്രയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ലാതൂരിലെ ജവാലിയിലുള്ള ജില്ലാ പരിഷത് ഉറുദു സ്കൂളിൽ എത്തിയത്. എന്നാല്‍ അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ചു. ഇതുവഴി സ്കൂളിന്‍റെ പ്രവർത്തനങ്ങൾക്കും ഔദ്യോഗിക ജോലികൾക്കും തടസ്സം സൃഷ്ടിച്ചു എന്നാണ് പരാതി. സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാത്രമല്ല സ്കൂളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും പരാതിയിലുണ്ട്. സ്കൂളിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കഴിഞ്ഞദിവസം രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാൻ പോയ സിജെപി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും ജനക്കൂട്ടം മർദിച്ചിരുന്നു. ബിജെപിയാണ് മർദിച്ചതെന്നാണ് സിജെപിയുടെ ആരോപണം.