പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐ സമീപനത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. ഉപനേതാവ് പദവി വിട്ടുനല്‍കാനാവില്ലെന്ന് ആദ്യമേ അറിയിച്ചിട്ടും മുന്നണി മര്യാദപോലും നോക്കാതെ സിപിഐ പിടിവാശി കാണിക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. അനാവശ്യ വാശി പിടിച്ച് സിപിഐ പ്രശ്നം വഷളാക്കുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സിപിഎം പറയുന്നു.
അതേസമയം, ‘പ്രതിപക്ഷനേതാവിന്‍റെ പദവിക്ക് നിരക്കുന്നതല്ല പിണറായിയുടെ വാക്കുകള്‍’ എന്ന ബിനോയിയുടെ പരാമര്‍ശത്തിലും സിപിഎമ്മിന് കടുത്ത അമര്‍ഷമുണ്ട്. പരാമര്‍ശം പരിധിവിട്ടതെന്നാണ് സിപിഎമ്മിലെ വികാരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ നിലപാട് പദവിയ്ക്ക് നിരക്കാത്തതും രാഷ്ട്രീയ പക്വതയ്ക്ക് ചേരാത്തതുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതാവ് സി.പി.ഐയ്ക്കു നൽകില്ലെന്ന് തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവേയായിരുന്നു പരാമര്‍ശം. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറഞ്ഞ പിണറായി ആ സ്ഥാനം സി.പി.എമ്മിന് തന്നെയെന്നും പറയുകയുണ്ടായി.
മുന്നണിയിൽ എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥ മാറിയേ പറ്റൂവെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്കു ലഭിച്ചേ തീരൂവെന്നും നിലപാടിലാണ് ആദ്യം മുതല്‍ സിപിഐ. വിഷയത്തിൽ കേന്ദ്ര നേതൃത്വം വരെ ഇടപെട്ടിട്ടുണ്ട്. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറിപ്പോകാൻ ആർക്കും കഴിയില്ലെന്നു ബിനോയ് പറഞ്ഞു. മാറേണ്ടിവന്നാൽ എല്ലാ കീഴ്‌വഴക്കവും മാറണം. കീഴ്‌വഴക്കമല്ല, രാഷ്ട്രീയവും മുന്നണിയുമാണു വലുത്. എൽഡിഎഫ് എൽഡിഎഫായി പോകണം. ഉപനേതാവ് സ്ഥാനം സിപിഐയ്ക്കു ലഭിച്ചേ തീരൂ എന്നു പറയുന്നത് എൽഡിഎഫിനെ ദുർബലമാക്കാനല്ല, ശക്തമാക്കാനാണെന്നും ബിനോയ് വിശ്വം പറഞ്ഞു.