Image Credit : Twitter
സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. 'സ്‌കൂളുകൾ നന്നാക്കൂ' എന്ന സിജെപിയുടെ സര്‍ക്കാര്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചുളള ക്യാംപെയിനിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. സ്കൂളിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിന്‍റെ വിഡിയോയും സിജെപി സൈബറിടത്ത് പങ്കുവച്ചു.
'അധികാരത്തിലിരിക്കുന്നവർ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?' എന്ന് സര്‍ക്കാരിനോട് ചോദിച്ചുകൊണ്ടാണ് അഭിജീത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തോളൂ എന്നും സത്യം പുറത്തുകൊണ്ടുവരുന്നതിൽ നിന്ന് ഞങ്ങൾ പിന്മാറില്ലെന്നും അഭിജീത് ദീപ്കെ തന്‍റെ പോസ്റ്റിലൂടെ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ മസാല പായ്ക്കറ്റാണ് അഭിജീത് സര്‍ക്കാര്‍ സ്കൂളിലെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. 2025 ഓഗസ്റ്റിൽ പായ്ക്ക് ചെയ്തതും 2026 ഫെബ്രുവരിക്കും മുമ്പ് ഉപയോഗിക്കേണ്ടതുമായ മസാല പായ്ക്കറ്റാണ് ആവശ്യാനുസരണം ഉപയോഗിക്കാന്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്നത്.
സംഭവം കയ്യോടെ പൊക്കിയ അഭിജീത് ഈ വിഷയം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. ഗ്രാമീണ ഇന്ത്യയിലെ പല സ്‌കൂളുകളിലെയും യഥാർത്ഥ അവസ്ഥ പുറത്തുകൊണ്ടുവരാനായാണ് തങ്ങള്‍ പുതിയ ക്യാംപയിനുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അഭിജീത് വ്യക്തമാക്കി. സ്കൂൾ വളപ്പിൽ ശൗചാലയ സൗകര്യം പോലും ഇല്ലാത്ത അവസ്ഥ വരെ തങ്ങള്‍ പലയിടത്തും കണ്ടെന്നും അഭിജീത് പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ഒരു സ്കൂളിൽ നടത്തിയ തന്റെ ആദ്യ സന്ദർശന വേളയിൽ, സ്വന്തം ഗ്രാമങ്ങളിൽ സ്കൂളുകൾ ഇല്ലാത്തതിനാലും വേണ്ടത്ര യാത്രാസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലും പല വിദ്യാർത്ഥികൾക്കും പഠനത്തിനായി മൈലുകൾ സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്ന് ദിപ്കെ കണ്ടെത്തി.
അതുകൊണ്ടുതന്നെ ക്ലാസ്‌മുറികൾക്കുള്ളിൽ എന്ത് നടക്കുന്നു എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല സി.ജെ.പിയുടെ പ്രചാരണമെന്നും മറിച്ച് കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളുകളിൽ എത്താൻ സാധിക്കുന്നുണ്ടോ എന്നും, അവിടെ എത്തിയാൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണോ എന്നും ഉറപ്പുവരുത്തുകയാണ് സിജെപിയുടെ ലക്ഷ്യമെന്നും അഭിജീത് ദീപ്കെ പറയുന്നു.