Image Credit : Twitter/Facebook
ഡി.കെ.ശിവകുമാർ മന്ത്രിസഭയിൽനിന്ന് രാജിവച്ച് കർണാടക പ്ലാനിങ് ആൻ സ്റ്റാസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര. വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് നാഗേന്ദ്രയുടെ രാജി. താൻ ദളിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നാഗേന്ദ്രയുടെ രാജി പ്രഖ്യാപനം. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി.
കർണാടക മഹർഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്ന് രണ്ട് വർഷം മുമ്പും ഇദ്ദേഹം രാജിവച്ചിരുന്നു. വാൽമീകി കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിന്‍റെ ആത്മഹത്യയെ തുടർന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ആദ്യം ഉയർന്നുവന്നത്. അഴിമതി ആരോപണം ശക്തമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാഗേന്ദ്രയുടെ രാജി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അദ്ദേഹം 2024 ജൂണില്‍ രാജിവെക്കുകയായിരുന്നു. എന്നാല്‍ ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ ബി നാഗേന്ദ്ര വീണ്ടും മന്ത്രിയായി.
89 കോടി രൂപയുടെ കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയിൽ നാഗേന്ദ്രയ്ക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നാഗേന്ദ്രയ്ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതിയും തേടിയിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് നാഗേന്ദ്രയുടെ രാജി പ്രഖ്യാപനം.