royal-hotel

Ai Generated Image

ആഡംബര ഹോട്ടലില്‍ 10 ദിവസം താമസിച്ച ശേഷം ഡല്‍ഹിയില്‍ നിന്നുളള കുടുംബം ബില്‍ അടയ്ക്കാന്‍ വിസമ്മതിച്ചതായി പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലുളള  പ്രശസ്തമായ 'ദ് ഒബറോയ് ഉദയ്‌വിലാസ് ഹോട്ടലിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നെത്തിയ കുടുംബം ഇവിടെ 10 ദിവസത്തോളം താമസിച്ചതിന് 5.74 ലക്ഷം രൂപയാണ് ബില്‍ തുകയായത്. എന്നാല്‍ തങ്ങളല്ല ട്രാവൽ ഏജൻസിയാണ് പണം നല്‍കേണ്ടത് എന്നുപറഞ്ഞത് ഇവര്‍ ബില്‍ അടയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഡൽഹിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ അനുരാഗ് യാദവിനും കുടുംബത്തിനെതിരെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് 14നാണ് അനുരാഗ് യാദവും ഭാര്യയും 2 മക്കളും ആഡംബര ഹോട്ടലില്‍ എത്തിയത്. താമസത്തോടൊപ്പം ഹോട്ടലിലെ ഭക്ഷണവും മറ്റ് ആഡംബര സേവനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് 24നാണ് ഇവര്‍ ചെക്ക്ഔട്ട് ചെയ്യേണ്ടിയിരുന്നത്. 10 ദിവസത്തെ താമസത്തിന് ശേഷം പുറപ്പെടാനൊരുങ്ങിയപ്പോള്‍ 5,74,000 രൂപയുടെ ബില്ലാണ് ഹോട്ടൽ മാനേജ്‌മെന്റ് ഇവർക്ക് നൽകിയത്. എന്നാൽ പണം നൽകാൻ അനുരാഗ് യാദവ് തയ്യാറായില്ല. താൻ ഒരു ട്രാവൽ ഏജൻസി വഴിയാണ് മുറി ബുക്ക് ചെയ്തതെന്നും, അവർ ബിൽ തുക അടയ്ക്കുമെന്നുമായിരുന്നു അനുരാഗിന്‍റെ അവകാശവാദം.

എന്നാല്‍ അനുരാഗും തങ്ങളും തമ്മില്‍ ഇങ്ങനെയൊരു കരാറില്ലെന്നും ബിൽ അടയ്ക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നും 'മേക്കർ ബഹാ' എന്ന ബന്ധപ്പെട്ട ട്രാവൽ ഏജൻസി വ്യക്തമാക്കി. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിഥാനത്തില്‍ കേസെടുത്ത പൊലീസ് ഇവരുടെ ബുക്കിങ് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അതേസമയം അനുരാഗും ട്രാവൽ ഏജൻസിയും തമ്മിൽ ഒത്തുചേർന്ന് നടത്തിയ തട്ടിപ്പാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

A Delhi family has been accused of refusing to pay a ₹5.74 lakh bill after a 10-day stay at a luxury hotel in Udaipur. The Oberoi Udaivilas hotel filed a police complaint against the family when they claimed a travel agency was responsible for the payment.